കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ വിവേചനം നേരിടുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മുതിര്‍ന്ന മുസ്‌ലിം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മതപരമായ വിവേചനം കാണിക്കുന്നുണ്ടെന്ന് മഹുവ പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന നിരവധി പരിപാടികളില്‍ നിന്ന് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പുക്കാതിരിക്കുകയോ പുറത്ത് പോവാന്‍ ആവശ്യപ്പെടുകയോ ചെയ്തതായും അവര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന പര്യടന വേളയില്‍ സിലിഗുരി പൊലീസ് കമ്മീഷണര്‍ വഖാര്‍ റാസയെ സ്വാഗത സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പറഞ്ഞു.
എന്തുകൊണ്ടാണ് ഈ വിഷയങ്ങളില്‍ പ്രതികരിക്കാത്തതെന്ന് ഐ.പി.എസ്,ഐ.എ.എസ് അസോസിയേഷനുകളോട് മഹുവ ചോദിച്ചു. ഇത്തരം പ്രവണതകള്‍ വര്‍ഗീയ അസംബന്ധമാണെന്നും ഇതില്‍ പ്രതിഷേധിക്കണമെന്നും അവര്‍ പറഞ്ഞു.
‘അമിത് ഷാ ഉണ്ടെങ്കില്‍ പശ്ചിമ ബംഗാളിലെ മുസ്‌ലിം ഉദ്യോഗസ്ഥരെ അനുവദിക്കില്ല. സി.പി സിലിഗുരി വഖര്‍ റാസയെ സ്വാഗത സംഘത്തില്‍ നിന്ന് വിലക്കി, എസ്.ടി.എഫ് ഡയറക്ടര്‍ ജനറല്‍ ജാവേദ് ഷമീമിനെ എവിടേക്കും ക്ഷണിച്ചില്ല, ഖലീല്‍ അഹമ്മദ് ഐ.എ.എസിനെ പുറത്താക്കി. ഈ വൃത്തികെട്ട വര്‍ഗീയ അസംബന്ധത്തില്‍ നിങ്ങള്‍ പ്രതിഷേധിക്കില്ലേ,’ ഐ.പി.എസ് അസോസിയേഷനെയും ഐ.എ.എസ് അസോസിയേഷനെയും ടാഗ് ചെയ്തുകൊണ്ട് അവര്‍ ചോദിച്ചു.
കഴിഞ്ഞ മെയ് മാസത്തിലാണ് പശ്ചിമബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. തനിക്ക് വോട്ട് ചെയ്ത ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു.
Content Highlight: Senior Muslim police officers are being sidelined at events in Bengal attended by Union Ministers: Mahua Moitra calls it communal absurdity.