| Tuesday, 5th May 2026, 3:35 pm

പാർട്ടിയിലും, സഭയിലും സീനിയർ; മുഖ്യമന്ത്രിപധത്തിനായി വാദം മുഴക്കി ചെന്നിത്തല

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ ആരംഭിക്കാനിരിക്കെ അവകാശവാദങ്ങളുമായി രമേശ് ചെന്നിത്തല. പാർട്ടിയിലും നിയമസഭയിലും താനാണ് ഏറ്റവും സീനിയർ എന്നാണ് ചെന്നിത്തലയുടെ വാദം.

2021 ൽ തനിക്ക് എം.എൽ.എ മാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവാക്കിയില്ലെന്നും എന്നിട്ടും ഒരെതിർപ്പും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം അല്ലെങ്കിൽ എം.എൽ.എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം, മോശമല്ലാത്ത എം.എൽ.എമാരുടെ പിന്തുണ കിട്ടും,’ അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും മന്ത്രിയാകാൻ കഴിയില്ലെന്നും, പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും പറഞ്ഞ ചെന്നിത്തല ധവളപത്രം ഇറക്കുന്നതിനെക്കുറിച്ച് ആലോചനകളുണ്ടെന്നും ഘടക കക്ഷികളുമായി തർക്കമുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.

യു.ഡി.എഫിന്റെ പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും 80 സീറ്റിൽ കൂടുതൽ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തരം ഒരു വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായനേതാക്കൾ പറയുന്നതിനോട് അതേ രീതിയിൽ മറുപടി പറയേണ്ടതില്ലെന്നും എന്നാൽ അവരെ തള്ളിക്കളയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

‘എം.പി മാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കൂട്ടായ തീരുമാനമായിരുന്നു. എം.പിമാരിൽ പ്രഗത്ഭർ ഉണ്ടായിരുന്നു. ഏതെങ്കിലും എം.പി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർട്ടിക്ക് ഒരു കൃത്യമായ സിസ്റ്റം ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

ധർമ്മടത്ത് റഷീദ് തന്നെയാണ് യഥാർത്ഥ എം.എൽ.എ എന്നാണ് താൻ കരുതുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ചകൾ സജീവമായി തുടരുകയാണ്. രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലും, വി.ഡി സതീശനും ഒരുപോലെ തങ്ങളുടെ യോഗ്യതകൾ സമൂഹ മാധ്യമങ്ങളിലടക്കം ഉയർത്തികാട്ടുന്നുണ്ട്‌.

Content Highlight: Senior in the party and the assembly; Chennithala argues for the Chief Minister

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more