| Monday, 24th November 2025, 10:28 am

ഇസ്രഈല്‍ ആക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഹെയ്തം അലി തബ്തബെയ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഹെയ്തം അലി തബ്തബെയ് കൊല്ലപ്പെട്ടു. ഇസ്രഈല്‍ ഞായറാഴ്ച ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് തബ്തബെയ് കൊല്ലപ്പെട്ടത്.

ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രമായ ഹരേത് ഹ്രെയിക് പ്രദേശത്തെ ദാഹിയെയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇസ്രഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ തബ്തബെയും നാല് ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 28 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ട് മിസൈലുകളുപയോഗിച്ചാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്നും സമീപത്തെ കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്നും ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ പ്രതിരോധ സേനയാണ് ഹിസ്ബുല്ല തലവന്‍ കൊല്ലപ്പെട്ടെന്ന വിവരം സോഷ്യല്‍മീഡിയയിലൂടെ ആദ്യം പുറത്തുവിട്ടത്. പിന്നീട് ഹിസ്ബുല്ലയും മരണം സ്ഥിരീകരിച്ചു.

സേന നടത്തിയ ആക്രമണത്തില്‍ തബ്തബെയിയെ തുടച്ചുനീക്കിയെന്നാണ് ഇസ്രഈല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചത്. നേരത്തെ മുതല്‍ തന്നെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യാഹുവിന്റെ ഓഫീസ് തബ്തബെയ് തങ്ങളുടെ ലക്ഷ്യമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ വധിക്കാനുള്ള മൂന്നാമത്തെ ശ്രമമാണിതെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുല്ല സായുധ സേനയുടെ തലവനായിരുന്നു തബ്തബെയ്. 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈലും ഹിസ്ബുല്ലയും അംഗീകരിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് കൂടിയാണ് തബ്തബെയ്.

അതേസമയം, ഇസ്രഈലിന്റ ഈ ആക്രമണം നിയന്ത്രണ രേഖ മറികടക്കുന്നതാണെന്നും തിരിച്ചടിക്കുന്നത് സംബന്ധിച്ച് നേതൃത്വവുമായി കൂടിക്കാഴ്ച തുടരുകയാണെന്നും ഹിസ്ബുല്ല ഉദ്യോഗസ്ഥന്‍ മഹ്‌മൂദ് ക്വാട്ടി പ്രതികരിച്ചു.

1968ല്‍ ലെബനീസ്-ഇറാനിയന്‍ രക്ഷിതാക്കളുടെ മകനായാണ് തബ്തബെയുടെ ജനനം. തെക്കന്‍ ലബനനാണ് ജന്മദേശം. 12 വയസുള്ളപ്പോഴാണ് ഹിസ്ബുല്ലയില്‍ ചേര്‍ന്നത്.

Content Highlight: Senior Hezbollah leader Haitham Ali Tabtabei killed in Israeli strike

We use cookies to give you the best possible experience. Learn more