ഗസസിറ്റി: ഗസയില്‍ നിന്ന് ഇസ്രഈല്‍ സേന പിന്മാറുന്നത് വരെ തങ്ങള്‍ നിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. സമാധാന ചര്‍ച്ചകളില്‍ ഹമാസ് പ്രതിനിധി സംഘമായിരുന്ന ഘാസി അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായുള്ള കരാറില്‍ എത്തിച്ചേര്‍ന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം ഹമാസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹമാസ് പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
ഗസയില്‍ നിന്നുള്ള ഇസ്രഈല്‍ പിന്‍മാറ്റവും മേഖലയിലെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാവും ഹമാസിന്റ നിരായുധീകരണമെന്ന് ഘാസി അഹമ്മദ് പറഞ്ഞു. നിരായുധീകരണ പ്രക്രിയയില്‍ ഇസ്രഈലിന് ഒരു പങ്കുമുണ്ടാവില്ല. ഫലസ്തീനിയന്‍ നാഷണല്‍ കമ്മിറ്റിയാണ് ഈ പ്രക്രിയ നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിരായുധീകരണ കരാറുമായി ബന്ധപ്പെട്ട് ഹമാസിന്റെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ഗസ ഭരണത്തിനായുള്ള ദേശീയ കമ്മിറ്റി (എന്‍.സി.എ.ജി)ക്കായിരിക്കുമെന്ന് ഹമാസിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഗസ ചര്‍ച്ചകളുടെ ഭാഗമായി രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ് ആയിരുന്നു ദേശീയ കമ്മിറ്റി സ്ഥാപിചച്ചത്.
കരാര്‍ വ്യവസ്ഥകള്‍ ഇസ്രഈല്‍ ലംഘിക്കുന്നില്ലെന്ന് ബോര്‍ഡ് ഓഫ് പീസും മധ്യസ്ഥരും ഉറപ്പാക്കണമെന്നും ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ബോര്‍ഡ് ഓഫ് പീസ് സ്ഥാപിച്ചത്. ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു നിരായുധീകരണ കരാറിനുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥരായിരുന്നത്.
ഘട്ടം ഘട്ടമായാണ് നിരായുധീകരണ കരാര്‍ പ്രകാരമുള്ള നടപടികള്‍ മുന്നോട്ട് പോവുക. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടിട്ടുണ്ട്. നിരായുധീകരണത്തിനുള്ള മാര്‍ഗ രേഖ 14 ദിവസത്തിനുള്ളില്‍ തയ്യാറാക്കാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.
കരാര്‍ പ്രകാരം ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ ബോര്‍ഡ് ഓഫ് പീസ് ചരിത്രപരമായ ഒരു വഴിത്തിരിവായാണ് വിശേഷിപ്പിച്ചത്. നിരായുധീകരണത്തെത്തുടര്‍ന്ന് ഗാസയില്‍ നിന്നുള്ള ഇസ്രായേലി സൈന്യത്തിന്റെ പിന്‍വാങ്ങല്‍ നടക്കുമെന്നും അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയുടെ ഭരണം നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ (എന്‍.സി.എജി) ഏറ്റെടുക്കും. ഗസയിലെ വലിയ ആയുധ വിന്യാസങ്ങള്‍, തുരങ്കങ്ങള്‍, സൈനിക ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവ പൊളിച്ചുമാറ്റും. ഇവ എന്‍.സി.എജിയുടെയും അന്താരാഷ്ട്ര നിരീക്ഷണ സംവിധാനത്തിന്റെയും മേല്‍നോട്ടത്തില്‍ സൂക്ഷിക്കുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.
നിരായുധീകരണ പ്രക്രിയയില്‍ ഇസ്രായേലിനോ ഫലസ്തീന്‍ സംഘടനകള്‍ക്കോ ഹമാസിന്റെ ഒരു ആയുധവും കൈമാറില്ല. എന്‍.സി.എജി ഗസയിലെ എല്ലാ ഭരണപരമായ ചുമതലകളും നിര്‍വഹിക്കും. യു.എന്‍ അന്താരാഷ്ട്ര സേന എന്‍.സി.എജിയെ പിന്തുണക്കുമെന്നും കരാര്‍ വ്യവസ്ഥകളിലുള്ളതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയോടെയാണ് സമാധാന കരാര്‍ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്നത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കരാറുമായി ബന്ധപ്പെട്ട് ഈജിപ്ത്, യു.എസ്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരെ ഉള്‍പ്പെടുത്തി കെയ്റോയില്‍ ഉടന്‍ യോഗം സംഘടിപ്പിക്കുമെന്ന് ഈജിപ്തിന്റെ അല്‍ ഖാഹിറ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുതുമായി എല്ലാ കക്ഷികളുടെയും പ്രതിബന്ധതകള്‍ സ്ഥീരീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ഈ യോഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Senior Hamas official says Israel must withdraw from Gaza before movement’s disarmament