ന്യൂദല്‍ഹി: ഗോവയിലും മണിപ്പൂരിലും ഉണ്ടായ മുന്‍ അനുഭവങ്ങള്‍ മേഘാലയയിലും ആവര്‍ത്തിക്കാതിരിക്കുവാന്‍ കരുതലോടെ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി മേഘാലയയിലേക്ക് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഷില്ലോങിലേക്ക് തിരിച്ചു. നേരത്തേ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടു പോലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ ഇവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലും കമല്‍ നാഥുമാണ് ഷില്ലോങ്ങിലേക്ക് തിരിച്ചത്. മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ് എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് നേതാക്കള്‍ മേഘാലയയിലേക്ക് തിരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ആദ്യമണിക്കൂറുകളില്‍ മേഘാലയയില്‍ കോണ്‍ഗ്രസും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍.പി.പി) ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. ബി.ജെ.പി വളരെ പിന്നിലാണ്. കേവലം ആറ് സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ബി.ജെ.പി മേഘാലയയില്‍ മുന്നേറുന്നത്.
ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസ് 21 സീറ്റിലും എന്‍.പി.പി 15 സീറ്റുകളിലുമാണ് മുന്നേറുന്നത്. ആകെ 59 സീറ്റുകളിലേക്കാണ് മേഘാലയയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
കടുത്ത വര്‍ഗീയതയാണ് പ്രചരണത്തില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മേഘാലയയില്‍ നടത്തിയത്. ഇറാഖില്‍ നിന്ന് കേരളത്തിലെ നേഴ്സുമാരെ രക്ഷിച്ചത് കേന്ദ്രസര്‍ക്കാറാണെന്നും രക്ഷപ്പെട്ട നേഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി മേഘാലയയിലെ പ്രചരണത്തിനിടെ പറഞ്ഞത്. നരേന്ദ്രമോദിയുടെ ഈ തരംതാണ പരാമര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്.