പത്തനംതിട്ട: കെ.പി.സി.സി അധ്യക്ഷനെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. മുതിര്‍ന്ന നേതാക്കള്‍ പക്വത കാണിക്കണമെന്നും വാര്‍ത്തകളിലെ മുഖമാകാനാണ് പല നേതാക്കളും ശ്രമിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന പക്വത എങ്കിലും മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഏതെങ്കിലും ഒരു സ്‌റ്റേറ്റ്‌മെന്റ് ഒരു യുവനേതാവ് നടത്തിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കണമെന്നും ആ ഒരു ഉത്തരവാദിത്തമാണ് മുതിര്‍ന്ന നേതാക്കള്‍ കാണിക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഹൈക്കമാന്‍ഡിന് ഈ വിഷയത്തില്‍ വ്യക്തമായ ക്ലാരിറ്റി ഉണ്ടെന്നും ഒരാളെ എപ്പോള്‍ പദവിയില്‍ ഇരുത്തണമെന്നും ഒഴിവാക്കണമെന്നും നേതൃത്വത്തിന് തന്നെ അറിയാമെന്നും തന്നെ നിയമിച്ചത് നേതൃത്വം ആണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
‘കേരളത്തില്‍ ഒരു നേതൃമാറ്റം വേണമോ വേണ്ടയോ എന്ന് പറയാനുള്ള കേരളത്തിലെ നേതാക്കളുടെ കപ്പാസിറ്റിയെന്താണ്? നമ്മളെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. ആ ആളുകള്‍ക്ക് അതിനുള്ള കപ്പാസിറ്റിയുള്ളതുകൊണ്ടാണ് ഇവര്‍ തീരുമാനിക്കുന്നത്. നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടെന്ന് തോന്നി. അക്കാരണത്താലാണ് ഈ വിഷയം അഡ്രസ് ചെയ്തത്,’ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരന്‍ കെ.പി.സി പ്രസിഡന്റ് ആയി വന്നതിന് ശേഷം 11 തവണയാണ് അദ്ദേഹത്തെ മാറ്റണം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതെന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു. കെ.സുധാകരന്‍ വളരെ ശക്തനായ നേതാവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് ഒരു നേതാവുണ്ടോയെന്ന് പലപ്പോഴും ഉയരുന്ന ചോദ്യമാണെന്നും എന്നാല്‍ സി.പി.ഐ.എമ്മിനെപ്പോലെ ഒരു നേതാവല്ല ഒരുപാട് നേതാക്കളുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സി.പി.ഐ.എമ്മിന് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണ് എല്ലാമെന്നും രാഹുല്‍ വിമര്‍ശിച്ചു.
നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും രാഹുല്‍ സമാനമായ വിമര്‍ശനം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും തീരുമാനം എന്ത് തന്നെയാണെങ്കിലും അത് വേഗത്തില്‍ എടുക്കണമെന്നും രാഹുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
കെ.പി.സി.സി അധ്യക്ഷനായ കെ.സുധാകരനും ചര്‍ച്ചകളെ തള്ളി രംഗത്തെത്തിയിരുന്നു. തന്നോട് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ആരും പറഞ്ഞിട്ട് ഇല്ലെന്നും അങ്ങനെ പറയുന്നത് വരെ സ്ഥാനത്ത് തുടരുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
Content Highlight: Senior Congress leaders should show maturity; they should at least show the maturity shown by the new generation: Rahul at Mamkootathil