തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു.
അടൂരിൽ നിന്നും രണ്ട് തവണ നിയമസഭയിലെത്തിയിരുന്നു.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നലയിൽ എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സിയിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.
കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു.
പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെ.പി.സി.സി അംഗമാണ്. 1977ലും 1982ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1998ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡൻറാകുന്നത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു.
2004ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.
Content Highlight: Senior Congress leader Thenala Balakrishna Pillai passes away