| Friday, 21st November 2025, 8:26 am

തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്യുന്നതാണോ നിങ്ങളുടെ ക്ഷേമപ്രവര്‍ത്തനം; രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനങ്ങളില്‍ യഥാര്‍ത്ഥ സാമ്പത്തിക സമത്വവും സന്തുലിത വികസനവും കൈവരിക്കുന്നതിന് കൃത്യമായ സംവിധാനം ആവിഷ്‌കരിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മുരളി മനോഹര്‍ ജോഷി.

തെരഞ്ഞെടുപ്പുകളില്‍ പണം വിതരണം ചെയ്യുന്നതുകൊണ്ട് സാമൂഹികക്ഷേമം ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ വിമര്‍ശനം.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കാന്‍ നിലവിലുള്ള വലിയ സംസ്ഥാനങ്ങളില്‍ നിന്നും ഏതാണ്ട് തുല്യ ജനസംഖ്യയും മണ്ഡലങ്ങളുമുള്ള പുതിയ ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നും ജോഷി പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വോട്ടവകാശം തുല്യമാണെന്നും എന്നാല്‍ കര്‍ണാടക, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കര്‍ണാടകയില്‍ ഒരാളുടെ സാമ്പത്തിക ശേഷി എത്രത്തോളമാണ്? അയാള്‍ ഒരു പ്രത്യേക സാമ്പത്തിക കരുത്തോടെയാണ് വോട്ട് ചെയ്യുന്നത്… എന്നാല്‍ മരുഭൂമിയിലോ കുന്നിന്‍പ്രദേശങ്ങളിലോ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലോ താമസിക്കുന്ന ഒരാളുടെ സാമ്പത്തിക ശേഷി എത്രത്തോളമായിരിക്കും? കര്‍ണാടകയിലുള്ള ഒരാളുടേത് പോലെ സമാനമായ സാമ്പത്തിക ശേഷം അവര്‍ക്കുണ്ടാകുമോ? ഇല്ല.

രാഷ്ട്രീയ അവകാശങ്ങള്‍ക്കായി രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും വോട്ടവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക നീതി ഉറപ്പാക്കിയില്ലെങ്കില്‍ ഈ വോട്ടവകാശം ഒരിക്കലും കൃത്യമായി വിനിയോഗിക്കാന്‍ കഴിയില്ല. അംബേദ്കര്‍ ഇതിനെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്,’ ജോഷി പറഞ്ഞു.

രാഷ്ട്രീയ, സാമ്പത്തിക അവകാശങ്ങള്‍ പൗരന്‍മാര്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്ന ഒരു സംവിധാനം കണ്ടെത്തേണ്ടതുണ്ട്. വികസനത്തിലും തുല്യതയുണ്ടാകണം. സാമ്പത്തിക സ്ഥിതിയിലും വികസനത്തിലുമുള്ള വ്യത്യാസം ജനങ്ങളോടുള്ള വിവേചനമാണ് എന്ന് ജോഷി പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ പണം വിതരണം ചെയ്തതുകൊണ്ട് മാത്രം ജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ക്ഷേമവുമുണ്ടാകുന്നില്ലെന്നും മുന്‍ കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

‘തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങള്‍ പണം വിതരണം ചെയ്തുവെന്നാണ് ആളുകള്‍ ചോദ്യമുന്നയിക്കുന്നത്. എന്നാല്‍ അത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണെന്നാണ് സര്‍ക്കാര്‍ വാദം. വോട്ട് വാങ്ങുന്നതിനായാണ് ഈ പണം വിനിയോഗിച്ചതെന്ന വാദത്തെ അവര്‍ തീര്‍ത്തും എതിര്‍ക്കുന്നു,’ ജോഷി കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ഡി.എ സഖ്യം വോട്ടിനായി പണം വിതരണം ചെയ്തുവെന്ന ആരോപണങ്ങള്‍ ഉയരുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സ്ത്രീകളുടെ എക്കൗണ്ടില്‍ 10,000 രൂപ വിതം ഇവര്‍ നിക്ഷേപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയമുന്നയിച്ച് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ വിമര്‍ശനം.

‘നിലവിലെ ചോദ്യം ഇതാണ്, ഈ ചോദ്യത്തിന് നമ്മള്‍ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും ഈ ചോദ്യത്തിന് ഉത്തരം നല്‍കില്ല. അവരുടെ ചോദ്യം തീര്‍ത്തും വ്യത്യസ്തമാണ്. പാര്‍ട്ടികള്‍ ഏത് തന്നെയായാലും അധികാരത്തില്‍ തുടരാന്‍ അവര്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധി അത് ചെയ്തു, ശ്രീ വാജ്പേയി അത് ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഇതിന് പരിഹാരമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് നിങ്ങള്‍ തീരുമാനിക്കുന്നു, ഏതാണ് തുല്യ ജനസംഖ്യയുള്ള 70 സംസ്ഥാനങ്ങളുണ്ടാകണം, അവയ്ക്ക് തുല്യ സാമ്പത്തിക ശക്തി ലഭിക്കണം. പാര്‍ലമെന്റ് എല്ലാവരുടെയും താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. 10-12 വര്‍ഷങ്ങള്‍ക്ക് ശേഷം പുനപരിശോധന നടത്തി വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കണം.

‘അപ്പോള്‍ ഇന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍, ഏതാണ്ട് തുല്യ ജനസംഖ്യയുള്ള 70 സംസ്ഥാനങ്ങള്‍ ഉണ്ടാകണമെന്ന് പറയുകയും, അവയ്ക്ക് തുല്യ സാമ്പത്തിക ശക്തി ലഭിക്കുകയും, പാര്‍ലമെന്റ് എല്ലാ സ്ഥാപനങ്ങളുടെയും താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഓരോ 10 വര്‍ഷത്തിലും സെന്‍സസ് നടത്തണമെന്നും അതിനുശേഷം നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടത്തണമെന്നും ഭരണഘടന ഇക്കാര്യം അനുശാസിക്കുന്നുണ്ടെന്നും ജോഷി പറഞ്ഞു.

Content Highlight: Senior BJP leader Murli Manohar Joshi opposes distribution of money during elections

We use cookies to give you the best possible experience. Learn more