സെനഗലിന് ആഫോകോണ്‍ കിരീടം നഷ്ടപ്പെട്ടു. അച്ചടക്ക ലംഘനത്തിന് ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ ബോര്‍ഡ് സെനഗലിനെ അയോഗ്യരാക്കുകയും മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഫൈനല്‍ നടന്ന് രണ്ട് മാസത്തിനിപ്പുറമാണ് കോണ്‍ഫെഡറേഷന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.
വിഷയത്തില്‍ മൊറോക്കോ സമര്‍പ്പിച്ച ആദ്യ പരാതി അച്ചടക്ക സമിതി തള്ളിയിരുന്നെങ്കിലും അപ്പീല്‍ ബോര്‍ഡ് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു ഇതുസംബന്ധിച്ച തീരുമാനം പുറത്തുവന്നത്.
ജനുവരി 18ന് നടന്ന ഫൈനലിലെ അതിനാടകീയ സംഭവങ്ങളാണ് സെനഗലിന് കിരീടം നഷ്ടപ്പെടാന്‍ കാരണമായത്. മത്സരത്തിനിടെ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചെന്നാരോപിച്ച് സെനഗല്‍ താരങ്ങള്‍ കളി ബഹിഷ്‌കരിക്കുകയായിരുന്നു. പത്ത് മിനിട്ടിലധികം സമയം ഇവര്‍ കളത്തില്‍ നിന്നും വിട്ടുനിന്നു. ടീമിന്റെ ഈ നടപടിയാണ് ഒടുവില്‍ കിരീടം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
സെനഗലിന്റെ നടപടി ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ചട്ടങ്ങളിലെ 82, 84 വകുപ്പുകളുടെ ലംഘനമാണെന്നാണ് കോണ്‍ഫെഡറേഷന്റെ നിരീക്ഷണം. ഇത് പ്രകാരം, ഏതെങ്കിലും കാരണവശാല്‍ ഒരു ടീം കളിക്കാന്‍ വിസമ്മതിക്കുകയോ റഫറിയുടെ അനുമതിയില്ലാതെ മത്സരം പൂര്‍ത്തിയാകും മുന്‍പ് മൈതാനം വിടുകയോ ചെയ്താല്‍ ആ ടീമിനെ തോറ്റതായി കണക്കാക്കുകയും ടൂര്‍ണമെന്റില്‍നിന്ന് പുറത്താക്കുകയും ചെയ്യും.
ഫൈനലില്‍ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ലഭിച്ച കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ സെനഗല്‍ താരം എല്‍ ഹാഡ്ജി ദിയൂഫ്, മൊറോക്കോയുടെ പത്താം നമ്പര്‍ താരം ബ്രാഹിം ഡിയാസിനെ ഫൗള്‍ ചെയ്തതിന് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സെനഗല്‍ ടീം കളം വിട്ടിറങ്ങിയത്.
വാര്‍ പരിശോധനയ്ക്ക് ശേഷമാണ് പെനല്‍റ്റി വിധിച്ചത്. റഫറി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ ഒഫീഷ്യലുകളും കളിക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനൊപ്പം റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തതോടെ പ്രകോപിതരായ സെനഗല്‍ താരങ്ങള്‍ കളം വിടുകയായിരുന്നു.
സെനഗല്‍ കോച്ച് പാപ്പെ ബൗന തിയാവായിരുന്നു താരങ്ങളോട് തിരികെ വരാന്‍ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമായിരുന്നു. ഫൈനല്‍ അലങ്കോലപ്പെടുമോ എന്ന അനിശ്ചിതത്വം തുടരവെ മാനേ ഇടപെട്ട് തന്റെ സഹതാരങ്ങളോട് കളിക്കളത്തിലേക്ക് മടങ്ങാനും മത്സരം തുടരാനും ആവശ്യപ്പെട്ടു.
ആ പെനാല്‍ട്ടി ഭീഷണിയെ മഞ്ഞക്കാര്‍ഡ് ലഭിച്ച സാഹചര്യത്തിലും ഗോള്‍ കീപ്പര്‍ മെന്‍ഡി മറികടന്നപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുകയും എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയുമായിരുന്നു.
എക്സ്ട്രാ ടൈമിന്റെ നാലാം മിനിട്ടില്‍ സെനഗല്‍ ആഫ്കോണ്‍ ഫൈനലിലെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഇരുടീമിന്റെയും ഗോള്‍ മുഖം ആക്രമണ ഭീഷണിയിലായെങ്കിലും ഗോള്‍ അകന്നുനിന്നതോടെ സെനഗല്‍ രണ്ടാം കിരീടമുയര്‍ത്തി. ഈ കിരീടമാണ് ഇപ്പോള്‍ സെനഗലിന് നഷ്ടപ്പെട്ടത്.
Content Highlight: Senegal loses AFCON title