| Thursday, 22nd May 2025, 5:24 pm

പ്രതിനിധിസംഘത്തെ അയക്കുന്നത് ബഹുജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ ആയുധം : ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിനിധി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കുന്നത് ബഹുജന ശ്രദ്ധ തിരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ആയുധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

വെടിനിര്‍ത്തലില്‍ ഇടപെട്ടുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളില്‍ നരേന്ദ്രമോദി വ്യക്തത വരുത്തണമെന്നും അതിനായി പ്രത്യേകസമ്മേളനം നടത്തണെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റിന്റെ സമ്മേളനം വിളിക്കാനും മറ്റും പ്രധാനമന്ത്രി വിസമ്മതിക്കുന്നതുമെല്ലാം ആഭ്യന്തര കാഴ്ചപ്പാടുകളുടെ അര്‍ത്ഥ ശൂന്യതയാണെന്നും ജയറാം രമേശ് പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേനകള്‍ ഓപ്പറേഷന്‍ സിന്ദൂരിന് തയ്യാറായത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തുകയായിരുന്നു. പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകളാണ് ഓപ്പറേഷനിലൂടെ ഇന്ത്യ തകര്‍ത്തത്. ഓപ്പറേഷനില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പാക് ഭീകതക്കെതിരായ നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ജപ്പാനിലും യു.എ.ഇയിലും എത്തിയിട്ടുണ്ട്.

ഇന്ന് ആരംഭിച്ച സന്ദര്‍ശനത്തില്‍ ഏഴ് പ്രതിനിധി സംഘങ്ങളില്‍ 59 അംഗങ്ങളാണുള്ളത്. അതില്‍ എന്‍.ഡി.എയില്‍ നിന്നുള്ള 31 രാഷ്ട്രീയ നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 20 രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Content Highlight: Sending delegation is the Centre’s weapon to divert public attention: Jairam Ramesh

We use cookies to give you the best possible experience. Learn more