| Wednesday, 24th June 2026, 8:50 pm

സെനഗലിന് വമ്പന്‍ തിരിച്ചടി; നിര്‍ണായക മത്സരത്തിന് മുന്നേ സൂപ്പര്‍ താരം പുറത്ത്

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പ് 2026ല്‍ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള അവസാന അവസരവുമായി ഇറാഖിനെ നേരിടാനൊരുങ്ങുന്ന സെനഗലിന് കനത്ത തിരിച്ചടി. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറും പരിചയസമ്പന്ന താരവുമായ എഡ്വേര്‍ഡ് മെന്‍ഡി കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നിര്‍ണായക മത്സരത്തില്‍ കളിക്കില്ലെന്ന് സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു.

ജൂണ്‍ 27ന് ടൊറന്റോ സ്‌റ്റേഡിയത്തിലാണ് സെനഗലും ഇറാഖും തമ്മിലുള്ള മത്സരം.

എഡ്വേര്‍ഡ് മെന്‍ഡി

നോര്‍വേക്കെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് 34കാരനായ മെന്‍ഡിക്ക് പരിക്കേറ്റത്. എതിരാളികളുടെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ താരം 63ാം മിനിട്ടില്‍ കളം വിടുകയായിരുന്നു. ലിഗമെന്റിനാണ് പ്രശ്നമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്കിന്റെ ഗൗരവം വിലയിരുത്താന്‍ കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ തുടരുകയാണെന്ന് ഫെഡറേഷന്‍ അറിയിച്ചു.

ഗ്രൂപ്പ് ഐയില്‍ ഫ്രാന്‍സിനോടും നോര്‍വെയോടും പരാജയപ്പെട്ട സെനഗല്‍ ഇതുവരെ പോയിന്റ് നേടാനായിട്ടില്ല. ഫ്രാന്‍സും നോര്‍വെയും ഇതിനകം അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍, ഇറാഖിനെതിരായ മത്സരത്തില്‍ ജയിക്കുക മാത്രമല്ല, മികച്ച ഗോള്‍ മാര്‍ജിനും സെനഗലിന് അനിവാര്യമാണ്. മൂന്നാം സ്ഥാനക്കാരെന്ന നിലയില്‍ മുന്നേറാനുള്ള സാധ്യത മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ളത്.

മെന്‍ഡിയുടെ അഭാവത്തില്‍ ഗോള്‍വല കാക്കാന്‍ സാധ്യത മോറി ദിയാവയ്ക്കാണ്. നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന സെനഗലിന്, എഡ്വേര്‍ഡിന്റെ അഭാവം വലിയ വെല്ലുവിളിയാണ്.

അതേസമയം ഇതുവരെ ഒരു പോയിന്റും നേടാന്‍ സാധിക്കാത്ത ഇറാഖിനും വിജയത്തില്‍ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല.

Content Highlight: Senagal Football Team Have Big Setback In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more