വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും യു.എസ് ഹൗസംഗവുമായ ബെര്‍ണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് വഞ്ചകനാണെന്നും ലക്ഷണമൊത്ത നുണയനാണെന്നുമാണ് സാന്‍ഡേഴ്‌സ് പറഞ്ഞത്.
ഡെമോക്രാറ്റ് സെനറ്റര്‍ അല്‍ ഫ്രാങ്കന്‍ ട്രംപ് മനോരോഗിയാണോ എന്ന സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഡെമേക്രാറ്റിക് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര രാഷ്ട്രീയ നേതാവായ സാന്‍ഡേഴ്‌സിന്റെ വിമര്‍ശനങ്ങള്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് ട്രംപ് മനോരോഗിയാണെന്ന സംശയമുണ്ടെന്നും അവരത് തുറന്നു പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അല്‍ ഫ്രാങ്കന്‍ പറഞ്ഞത്.
പ്രസിഡന്റ് അമിതാവേശമുള്ള വ്യക്തിയാണെന്നും ലക്ഷണമെത്ത ഒരു നുണയന്‍ ആണെന്നുമായിരുന്നു സാന്‍ഡേഴ്‌സന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് സാന്‍ഡേഴ്‌സന്‍ വിമര്‍ശനങ്ങള്‍ ആദ്യം ഉന്നയിച്ചത്. ” ഞാന്‍ പ്രസിഡന്റ് ബുഷിനെതിരായിരുന്നു എല്ലായിപ്പോഴും. പക്ഷേ ഒരിക്കല്‍പ്പോലും അദ്ദേഹത്തെ ലക്ഷണമൊത്ത നുണയനെന്നു വിളിച്ചിട്ടില്ല. അയാളൊരു യാഥാസ്ഥിതികന്‍ മാത്രമായിരുന്നു. പക്ഷേ ട്രംപ് എല്ലായിപ്പോഴും നുണ പറയുകയാണ്.” സാന്‍ഡേഴ്‌സണ്‍ ട്വീറ്റില്‍ കുറിച്ചു.
പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച സാന്‍ഡേഴ്‌സണ്‍ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നമുക്കൊരു പ്രസിഡന്റ് ഉണ്ടെന്നും വഞ്ചനാപരമായ നയങ്ങള്‍ സ്വീകരിക്കുന്ന ലക്ഷണമൊത്ത ഒരു നുണയനാണ് അദ്ദേഹം എന്നുമായിരുന്നു സാന്‍ഡേഴ്‌സന്റെ വാക്കുകള്‍.