| Tuesday, 5th August 2025, 3:33 pm

അർധ വൃത്താകൃതിയിലെ ക്ലാസ്; വിമർശിച്ചും കമൻ്റ് വരുന്നുണ്ട്: സംവിധായകൻ വിനേഷ് വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദ്യാലയങ്ങളിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു സ്താനാർത്തി ശ്രീക്കുട്ടൻ. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററിൽ വിജയമായിരുന്നില്ല.

എന്നാൽ ഒ.ടി.ടിയിൽ എത്തിയ ശേഷം കേരളവും കടന്ന് അന്യസംസ്ഥാനം വരെ ആ സിനിമയും പശ്ചാത്തലവും ചർച്ചയായി. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിനേഷ് വിശ്വനാഥ്.

അർധ വൃത്താകൃതിയിലെ ക്ലാസ് എന്ന ആശയത്തെ വിമർശിച്ച് ഒരുപാട് കമന്റുകൾ വന്നിരുന്നുവെന്നും കുട്ടികളുടെ കഴുത്തിന് പ്രശ്നം വരും എന്നൊക്കെ ആളുകൾ പറയുന്നുണ്ടെന്നും വിനേഷ് പറയുന്നു.

സത്യംപറഞ്ഞാൽ അത്തരം ചർച്ചകൾ നല്ലതാണെന്നും നിലവിലുള്ള സിസ്റ്റത്തിന് പ്രശ്നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടെന്നും വിനേഷ് കൂട്ടിച്ചേർത്തു.

‘ഈ മാതൃക മാത്രമാണ് ശരിയെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മാറ്റം വേണം, അതിനെക്കുറിച്ച് ചർച്ചകൾ നടക്കണം. ടീച്ചർമാരുടെ ഭാഗത്തുനിന്ന് ഒരുപാട് നിർദേശങ്ങൾ നമുക്ക് ലഭിച്ചിരുന്നു. അർധവൃത്താകൃതിയിലെ ക്ലാസ് എന്ന ആശയം നടപ്പിലാക്കുന്ന സ്‌കൂളുകൾ ഇതൊരു ട്രയൽ രീതിയിൽ വേണം ചിന്തിക്കാൻ. വേണ്ട മാറ്റങ്ങൾ വരുത്തണം,’ വിനേഷ് പറയുന്നു.

ടീച്ചർ നിൽക്കുന്ന സ്ഥാനംവെച്ച് നോക്കുമ്പോൾ കുട്ടികളെല്ലാം നേർരേഖയിൽ വരുമെന്നും കുട്ടികൾക്ക് റൊട്ടേഷൻ സമ്പ്രദായവും ചിന്തിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് എഴുതുന്ന സമയം മാത്രമാണ് ബോർഡിന്റെ ആവശ്യമെന്നും പല സ്‌കൂളുകളും ഈ ആശയത്തിന്റെ ഗുണവും ദോഷവും ചിന്തിക്കുന്നുണ്ടെന്നും വിനേഷ് കൂട്ടിച്ചേർത്തു.

‘തമിഴ്‌നാട് സർക്കാർ ഈ ആശയം നടപ്പിലാക്കിയപ്പോൾ പ്രതിപക്ഷം എതിർത്തു. പക്ഷേ, ഇപ്പോഴുള്ള സിസ്റ്റത്തിന് പ്രശ്നമുണ്ടെന്ന് അവരും സമ്മതിക്കുന്നുണ്ട്,’ വിനേഷ് പറഞ്ഞു.

ഏഴാം ക്ലാസിൽ പഠിക്കുന്ന ശ്രീക്കുട്ടൻ എന്ന വിദ്യാർത്ഥി സ്വന്തം അധ്യാപകനിൽ നിന്നും നേരിട്ട അവഗണനയും അമർഷവുമാണ് സിനിമയുടെ പശ്ചാത്തലം. ക്ലൈമാക്സിൽ സമത്വത്തിനായി നടപ്പിലാക്കിയ സീറ്റിങ് അറേജ്മെൻസ് വലിയ രീതിയിൽ ചർച്ചയായിരുന്നു.

അർധ വൃത്താകൃതിയിൽ സീറ്റിട്ട് അധ്യാപകൻ നടുക്ക് നിൽക്കുന്ന രീതിയിലുള്ള ക്ലാസ് റൂം ആണ് സിനിമയിൽ കാണിക്കുന്നത്. ഇത് കേരളത്തിന് പുറമെ തമിഴ്നാട്, ബംഗാൾ, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ മാറ്റം വരുത്തിയെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനേഷ് പറഞ്ഞിരുന്നു.

Content Highlight: Semicircular classroom: Criticism and comments are coming in says Director

We use cookies to give you the best possible experience. Learn more