ന്യു ജെഴ്‌സി: “നിങ്ങളുടെ മൂക്ക് നിങ്ങളുടെ സെല്‍ഫിയില്‍ കാണുന്നത്രയും വലുതല്ല”, പറയുന്നത് പ്ലാസ്റ്റിക് സര്‍ജനായ ബോറിസ് പാസ്‌ഖോവറാണ്. സെല്‍ഫികളില്‍ മൂക്കിന്റെ വലുപ്പം കൂടുതല്‍ കാണിക്കുമെന്നാണ് റൂത്‌ഗെര്‍ ന്യൂജെഴ്‌സി മെഡിക്കല്‍ സ്‌കൂളിലെ പ്ലാസ്റ്റിക് സര്‍ജനായ പാസ്‌ഖോവറിന്റെ കണ്ടെത്തല്‍. സെല്‍ഫിയില്‍ മൂക്ക് വലുതാണെന്ന കാരണം കൊണ്ട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്കിന്റെ വലിപ്പം കുറയ്ക്കാന്‍ സമീപിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പഠനം നടത്തിയത്.
സെല്‍ഫിയില്‍ നന്നായിരിക്കാന്‍ മൂക്കിന്റെ നീളം കുറയ്ക്കണമെന്ന ആവശ്യവുമായി പകുതിയോളം പ്ലാസ്റ്റിക് സര്‍ജന്മാരുടെ അടുത്ത് കഴിഞ്ഞ വര്‍ഷം ആളുകളെത്തിയിട്ടുണ്ട് എന്നാണ് അമേരിക്കന്‍ അക്കാദമിഓഫ് ഫേഷ്യല്‍ ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. എന്നാല്‍ സെല്‍ഫിയില്‍ ആളുകളുടെ യഥാര്‍ഥ രൂപം പ്രതിഫലിക്കുന്നില്ലെന്നാണ് പാസ്‌ഖോവ് പറയുന്നത്.
ഇത് തെളിയിക്കാനായി അദ്ദേഹം ഒരു കൂട്ടം കമ്പ്യൂട്ടര്‍ വിദഗ്ദരെ സമീപിച്ചു. ഒരു ശരാശരി മനുഷ്യന്റെ മോഡല്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ നിര്‍മ്മിച്ച് സെല്‍ഫി എടുക്കുമ്പോഴുണ്ടാവുന്ന മാറ്റങ്ങള്‍ പഠിച്ചു. 12 ഇഞ്ച് അകലത്തില്‍ നിന്നുള്ള സെല്‍ഫിയും 5 അടി അകലത്തില്‍ നിന്നുള്ള സാധാരണ ചിത്രങ്ങളുമാണ് പഠനവിധേയമാക്കിയത്. അത്ര അടുത്ത് നിന്നെടുക്കുന്ന ചിത്രങ്ങള്‍ മൂക്കിനെ വലുതായി കാണിക്കുന്നു എന്നാണ് നിരീക്ഷണം. മൂക്കിന്റെ നീളത്തില്‍ പുരുഷന്റെ ചിത്രങ്ങളില്‍ 30 ശതമാനവും സ്ത്രീകളുടെ ചിത്രങ്ങളില്‍ 29 ശതമാനവും വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ജെ.എ.എം.എ എന്ന പ്ലാസ്റ്റിക് സര്‍ജറി ജേണലിലാണ് (JAMA Facial Plastic Surgery) ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
മിക്ക സ്മാര്‍ട്ട് ഫോണുകളിലും വൈഡ് ലെന്‍സ് ആണ് ഉപയോഗിക്കുന്നതെന്നും ഇത്തരം ലെന്‍സുകളില്‍ വസ്തുക്കള്‍ ക്യാമറക്ക് അടുത്താക്കി കാണിക്കുന്നതിനാല്‍ സെല്‍ഫി എടുക്കുമ്പോള്‍ അല്‍പ്പം വ്യത്യാസമുണ്ടാവുമെന്നും വിദഗ്ദര്‍ പറയുന്നു.