| Monday, 21st July 2025, 9:29 am

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മൂത്രം കുടിപ്പിക്കലും ചെരുപ്പ് കൊണ്ട് മര്‍ദിക്കലും, മഹാരാഷ്ട്രയില്‍ ആള്‍ ദൈവം ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്റെ അനുയായികളെ ചെരുപ്പ് കൊണ്ട് തല്ലിയെന്നും മൂത്രം കുടിപ്പിച്ചെന്നും പരാതി. സഞ്ജയ് രംഗനാഥ് പഗാര്‍ എന്ന ആള്‍ദൈവത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.

തനിക്ക് പ്രത്യേക കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട പഗാര്‍ ഗ്രാമത്തില്‍ ആശ്രമം സ്ഥാപിക്കുകയും പല തരത്തിലുള്ള പ്രവൃത്തികള്‍ നടത്തുകയും ചെയ്തിരുന്നു. അഘോരി ആചാരങ്ങളിലൂടെ ദുരാത്മാക്കളെ പുറത്താക്കുക, അവിവാഹിതരുടെ വിവാഹം നടത്തുക, കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളെ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ തനിക്ക് സാധിക്കുമെന്ന് ഗ്രാമവാസികളെ വിശ്വസിപ്പിച്ചു.

പഗാര്‍ തന്റെ അനുയായികളോട് ഷൂ വായില്‍ തിരുകാന്‍ നിര്‍ബന്ധിക്കുകയും ചികിത്സയുടെ ഭാഗമായി മരത്തിന്റെ ഇലകള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയും തന്റെ മൂത്രം കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് പരാതികളുണ്ട്. ആശ്രമത്തിലെത്തുന്നവരെ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

സ്ത്രീകളെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. ആശ്രമത്തിലെത്തുന്നവരെ വടികൊണ്ട് അടിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് പഗാറിന്റെ ഇത്തരം പ്രവൃത്തികള്‍ പുറംലോകമറിഞ്ഞത്. ബാധയൊഴിപ്പിക്കലിന്റെ ഭാഗമായി ഒരു യുവാവിനെ നിലത്ത് കിടത്തി അയാളുടെ കഴുത്തില്‍ ചവിട്ടി നില്‍ക്കുന്ന പഗാറിനെ വീഡിയോയില്‍ കാണാന്‍ സാധിക്കും. അയാളുടെ വയറില്‍ മരക്കഷ്ണം വെച്ച് അമര്‍ത്തുന്നതും മന്ത്രങ്ങള്‍ ചൊല്ലുന്നതും വീഡിയോയിലുണ്ട്.

കേസെടുത്തതിന് പിന്നാലെ തന്റെ ഏറ്റവുമടുത്ത അനുയായികള്‍ക്കൊപ്പം സഞ്ജയ് പഗാര്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടീമുകളായി തിരിഞ്ഞ് പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചു.

Content Highlight: Self proclaimed godman in Maharashtra abused his followers and video viral

We use cookies to give you the best possible experience. Learn more