| Wednesday, 16th July 2025, 1:51 pm

സിനിമയുടെ കാര്യത്തില്‍ സെലക്ടീവ്, ഇഷ്ടമായില്ലെങ്കില്‍ പറയും: മഡോണ സെബാസ്റ്റ്യൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മഡോണ. മലയാള സിനിമയില്‍ അധികം കാണാറില്ലെങ്കിലും തമിഴിലും തെലുങ്കിലും അവര്‍ സജീവമാണ്. ഇപ്പോള്‍ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായതെന്നും ഇന്ന് ജീവിതത്തില്‍ സിനിമക്ക് വലിയ സ്ഥാനമുണ്ടെന്നും മഡോണ പറയുന്നു. അപരിചിതമായ വേഷങ്ങള്‍ ലഭിക്കുമ്പോള്‍ ഒരുപാട് ആലോചിക്കുമെന്നും സംവിധായകനോട് ചോദിച്ച് മനസിലാക്കുമെന്നും അവര്‍ പറഞ്ഞു.

തെലുങ്കില്‍ ഡയലോഗുകള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടിയെന്നും ഡയലോഗ് പറയാന്‍ പ്രയാസപ്പെട്ടുവെന്നും മഡോണ കൂട്ടിച്ചേർത്തു. സിനിമയുടെ കാര്യത്തില്‍ സെലക്ടീവ് ആണെന്നും ഇഷ്ടമായില്ലെങ്കില്‍ തുറന്ന് പറയാറുണ്ടെന്നും നടി പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായി മാറിയത്. ആദ്യസിനിമയില്‍ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് ജീവിതത്തില്‍ സിനിമയ്ക്ക് വലിയസ്ഥാനമുണ്ട്. അഭിനയത്തില്‍ ഏറെ മുന്നോട്ടുപോകാനുണ്ടെന്നും, ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരുപാട് പുതിയകാര്യങ്ങള്‍ പഠിച്ചെടുക്കുകയാണെന്നും സ്വയം തിരിച്ചറിയുന്നു.

സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നും അപരിചിതമായ വേഷങ്ങള്‍ അഭിനയിക്കാന്‍ ലഭിക്കുമ്പോള്‍ ഒരുപാട് ആലോചിക്കും, ചെറിയ സംശയങ്ങള്‍പോലും സംവിധായകനോട് ചോദിച്ച് മനസിലാക്കും. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം ഇന്ന് കഥകള്‍ കേള്‍ക്കാറുണ്ട്. തെലുങ്കില്‍ ഡയലോഗുകള്‍ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടിരുന്നു.

തെലുങ്ക് നന്നായി കൈകാര്യം ചെയ്യുന്നവരുടെ മുന്നില്‍ നിന്ന് തെറ്റുകൂടാതെ ഡയലോഗ് പറയാന്‍ നന്നേ പ്രയാസമായിരുന്നു. അന്യഭാഷകളില്‍ അഭിനയിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പേ സംഭാഷണങ്ങള്‍ വാങ്ങി ഉറക്കമൊഴിഞ്ഞ് അവയെല്ലാം കാണാപ്പാഠം പഠിച്ചാണ് ക്യാമറയുടെ മുന്നിലേക്ക് പോയത്. സിനിമയുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്, കഥ ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയാറുണ്ട്,’ മഡോണ സെബാസ്റ്റ്യന്‍ പറയുന്നു.

Content Highlight: Selective when it comes to movies; if i don’t like i’ll say so says Madonna Sebastian

We use cookies to give you the best possible experience. Learn more