| Thursday, 7th August 2025, 3:43 pm

എന്തുകൊണ്ട് സഞ്ജു സാംസണെ ടീമില്‍ നിന്നും പുറത്താക്കി; വിശദീകരണവുമായി സെലക്ഷന്‍ കമ്മിറ്റി

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സൗത്ത് സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തലൈവന്‍ സര്‍ഗുണം സേവ്യര്‍. കഴിഞ്ഞ സീസണിലെ രഞ്ജി മത്സരങ്ങളില്‍ പലതും സഞ്ജുവിന് നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് തലൈവന്‍ സേവ്യര്‍ ടീമിലെ സഞ്ജുവിന്റെ അഭാവത്തെ കുറിച്ച് വ്യക്തമാക്കിയത്.

‘കഴിഞ്ഞ രഞ്ജിയില്‍, കേരളം ഫൈനലിലേക്ക് കുതിച്ച സീസണില്‍ പല മത്സരങ്ങളും സഞ്ജുവിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാതിരുന്നത്. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഈ ടീം തെരഞ്ഞെടുത്തിരിക്കുന്നത്,’ തലൈവന്‍ സര്‍ഗുണം സേവ്യര്‍ പറഞ്ഞു.

കഴിഞ്ഞ രഞ്ജി സീസണില്‍ കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. അന്താരാഷ്ട്ര കമ്മിറ്റ്‌മെന്റുകളും പരിക്കുകളുമാണ് താരത്തെ പിന്നോട്ട് വലിച്ചത്.

ഇതിന് പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റിലുള്ള കേരള ടീമില്‍ നിന്നും അസോസിയേഷന്‍ താരത്തെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കെ.സി.എയുടെ നടപടി. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതെ പോയതിന്റെ കാരണങ്ങളിലൊന്നും ഇതുതന്നെയായിരുന്നു.

അതേസമയം, തിലക് വര്‍മയ്ക്ക് കീഴിലാണ് സൗത്ത് സോണ്‍ ദുലീപ് ട്രോഫിയ്ക്കിറങ്ങുന്നത്. സഞ്ജുവിന് ഇടമില്ലാത്ത ടീമില്‍ വൈസ് ക്യാപ്റ്റനടക്കം നാല് താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീനാണ് സൗത്ത് സോണിന്റെ വൈസ് ക്യാപ്റ്റന്‍

തിലക് വര്‍മ | മുഹമ്മദ് അസറുദ്ദീന്‍

ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ സ്‌ക്വാഡ്

തിലക് വര്‍മ-ഹൈദരാബാദ് (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്‍-കേരളം (വൈസ് ക്യാപ്റ്റന്‍), തന്‍മയ് അഗര്‍വാള്‍-ഹൈദരാബാദ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍-തമിഴ്‌നാട്, വൈശാഖ് വിജയ്കുമാര്‍-കര്‍ണാടക, തനയ് ത്യാഗരാജന്‍-ഹൈദരാബാദ്, എം.ഡി. നിധീഷ്-കേരളം, റിക്കി ഭുയി-ആന്ധ്ര പ്രദേശ്, ദേവ്ദത്ത് പടിക്കല്‍-കര്‍ണാടക, മോഹിത് കാലെ-പോണ്ടിച്ചേരി, സല്‍മാന്‍ നിസാര്‍-കേരളം, നാരായണ്‍ ജഗദീശന്‍-തമിഴ്‌നാട്, ത്രിപുരാന വിജയ്-ആന്ധ്ര പ്രദേശ്, ബേസില്‍ എന്‍.പി-കേരളം, ഗുര്‍ജാപ്‌നീത് സിങ്-തമിഴ്‌നാട്, സ്‌നേഹല്‍ കൗഥാങ്കര്‍-ഗോവ.

Content Highlight: Selection committee chairman explains why Sanju Samson excluded in South Zone squad for Duleep Trophy

We use cookies to give you the best possible experience. Learn more