| Sunday, 26th October 2025, 11:38 am

ആ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്ത എന്റെ സമയവും പൈസയും പോയി, ഇപ്പോള്‍ എല്ലാവരും പൊക്കിപ്പറയുന്നത് എനിക്കിഷ്ടമാകുന്നില്ല: സെല്‍വരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ മികച്ച ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സെല്‍വരാഘവന്‍. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയെന്നാണ് പലരും സെല്‍വരാഘവന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കാറുള്ളത്. സെല്‍വരാഘവന്റെ സിനിമകളില്‍ ഏറ്റവും ഫാന്‍ ഫോളോയിങ്ങുള്ള സിനിമകളിലൊന്നാണ് ആയിരത്തില്‍ ഒരുവന്‍. ഇറങ്ങിയ സമയത്ത് ഫ്‌ളോപ്പായ ചിത്രം ഇന്ന് പലരും ക്ലാസിക്കായി വാഴ്ത്തുകയാണ്.

എന്നാല്‍ ഇത്തരം പുകഴ്ത്തലുകളില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് പറയുകയാണ് സെല്‍വരാഘവന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പകുതിയായെന്നും കാര്‍ത്തി, ധനുഷ് എന്നിവരാകും പ്രധാന കഥാപാത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തില്‍ ഒരുവന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഒരുപാട് കാലത്തെ സമ്പാദ്യവും വലിയൊരു സമയവും ആ സിനിമക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് എല്ലാവരും അതിനെ നിഷ്‌കരുണം പരാജയപ്പെടുത്തി. ഇന്ന് എല്ലാവരും അതിനെ ക്ലാസിക്കെന്ന് വാഴ്ത്തുകയാണ്. റീ റിലീസൊക്കെ ചെയ്ത് ആഘോഷിക്കുന്നതിന്റെ വീഡിയോ അടുത്തിടെ കണ്ടിരുന്നു.

എന്നാല്‍ അതൊന്നും എനിക്ക് സന്തോഷം തരുന്നില്ല. അന്ന് പടം പരാജയമായത് എന്നെ വല്ലാതെ ബാധിച്ചു. അന്നത്തെ പ്രേക്ഷകരുടെ തെറ്റ് കൊണ്ടാണ് പരാജയപ്പെട്ടത്. അല്ലെങ്കില്‍ ഇപ്പോള്‍ ആരും ഈ സിനിമ ഗംഭീരമാണെന്ന് പറയില്ലല്ലോ. പ്രേക്ഷകര്‍ കാരണം പരാജയമായ സിനിമയായിട്ടാണ് ആയിരത്തില്‍ ഒരുവനെ കാണുന്നത്’ സെല്‍വരാഘവന്‍ പറയുന്നു.

സംവിധായകന്‍ എന്ന നിലയില്‍ തന്റെ അടുത്ത ചിത്രം പുതുപേട്ടൈ 2 ആണെന്ന് സെല്‍വരാഘവന്‍ പറഞ്ഞു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും അധികം വൈകാതെ ഷൂട്ട് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയായ ആര്യന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ്. പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവാഗതനായ പ്രവീണ്‍ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്യന്‍. വിഷ്ണു വിശാല്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെല്‍വരാഘവന്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയ്‌ലറില്‍ ഏറ്റവുമൊടുവില്‍ കാണിക്കുന്ന സെല്‍വരാഘവന്റെ കഥാപാത്രം ഇതിനോടകം ചര്‍ച്ചയായി മാറി. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Selavaraghavan saying he’s disappointing with the acceptance of Ayirathil Oruvan

We use cookies to give you the best possible experience. Learn more