| Thursday, 23rd January 2025, 9:12 am

പെരിയാർ വിരുദ്ധ പരാമർശം; സീമാൻറെ വീടിന് മുന്നിൽ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനായ പെരിയാറിനെക്കുറിച്ച് നാം തമിഴർ കക്ഷി (എൻ‌.ടി‌.കെ) നേതാവ് സീമാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പെരിയാർ അനുകൂല സംഘടന.

ബുധനാഴ്ച രാവിലെ പെരിയറിസ്റ്റ് പ്രവർത്തകർ ചെന്നൈ നീലാങ്കരയിലെ സീമാൻറെ വീടിന് മുന്നിലേക്ക് മാർച്ച് നടത്തി. ഇവർ സീമാൻറെ കോലങ്ങളും ചിത്രങ്ങളും കത്തിച്ചു.

തുടർന്ന് ഇവരെ നേരിടാൻ സീമാൻറെ അനുകൂലികളും എത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കേണ്ടി വന്നു.

സീമാൻ തൻ്റെ രാഷ്ട്രീയ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നുണകൾ പ്രചരിപ്പിക്കുകയും ഭാരതീയ ജനതാ പാർട്ടിയെ ആരാധിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീമാന്റെ പെരിയാരിസ്റ്റ് തത്വങ്ങളിൽ നിന്നുള്ള വ്യതിചലനം തുറന്നുകാട്ടുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ആക്ടിവിസ്റ്റ് തിരുമുരുകൻ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കുചേർന്നു.

‘സീമാൻ തൻ്റെ കരിയർ ആരംഭിച്ചത് ഒരു പെരിയാറിസ്റ്റായിട്ടാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ ആ പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറി ആർ.എസ്.എസുമായും ബി.ജെ.പിയുമായും അടുക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പിയുമായി സഹകരിക്കാൻ അദ്ദേഹം നുണകൾ പ്രചരിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ അദ്ദേഹത്തെ തുറന്നുകാട്ടും. തമിഴ്നാട്ടിൽ ബി.ജെ.പി ജയിക്കാത്തതിന്റെ കാരണം പെരിയാറിസ്റ്റുകളാണ്. സീമാന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും,’ ഗാന്ധി പറഞ്ഞു.

തന്റെ സമീപകാല പ്രസ്താവനകളിൽ, തമിഴിനെയും യുക്തിവാദത്തെക്കുറിച്ചുമുള്ള പെരിയാറിന്റെ നിലപാടുകളെ സീമാൻ വിമർശിച്ചിരുന്നു. പരിഷ്കർത്താവ് അവിഹിത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് സീമാൻ ആരോപിച്ചു.

ജനുവരി എട്ടിന് വടലൂരിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ, സാമൂഹിക നീതി എന്ന ആശയവുമായി പെരിയാറിന് യഥാർത്ഥത്തിൽ ബന്ധമില്ലെന്നും അദ്ദേഹം തമിഴ് അഭിമാനത്തെ തകർക്കുന്നുവെന്നും സീമാൻ ആരോപിച്ചു

തുടർന്ന് തമിഴ്നാട്ടിലുടനീളം സീമാനെതിരെ ഒന്നിലധികം പ്രതിഷേധം ഉയരുകയും അദ്ദേഹത്തിനെതിരെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.

Content Highlight: Seeman’s Anti-Periyar remarks ; protest

We use cookies to give you the best possible experience. Learn more