മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി.
സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു നര്‍ത്തകിയായിരുന്ന സീമയുടെ അഭിനയത്തില്‍ വഴിത്തിരിവായത് അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു. 1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.
അവളുടെ രാവുകള്‍ സിനിമയുടെ വന്‍ വിജയമാണ് തന്നിലെ അഭിനേത്രിയെ മലയാളത്തിലെ ഒന്നാംനിര നായികയാക്കി മാറ്റിയതെന്ന് പറയുകയാണ് നടി. സീമ എന്ന ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്ത് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുഴുവനും ഐ.വി ശശിക്കുള്ളതാണെന്നും അവര്‍ പറയുന്നു.
‘ജീവിതത്തില്‍ ഭര്‍ത്താവ് മാത്രമായിരുന്നില്ല എനിക്കദ്ദേഹം. ആ ഗുരുമുഖത്ത് നിന്നാണ് ഞാന്‍ അഭിനയത്തിന്റെ പാഠങ്ങള്‍ മനസിലാക്കിയത്. അദ്ദേഹത്തെ നമിച്ച് കൊണ്ടുമാത്രമേ ഞാനിന്നും മുഖത്ത് മേയ്ക്കപ്പിടൂ.
കരയുന്ന സീനുകളില്‍ ഐ.വി ശശിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ‘കണ്ണുനീര്‍ കവിളില്‍ വീഴരുത്, കണ്ണുനീര്‍ കണ്ണില്‍ തന്നെ നിര്‍ത്തി ഡയലോഗ് പറയണം’ എന്നതായിരുന്നു ആ നിര്‍ബന്ധം.
‘അത് ഏറെ ശ്രമകരമായിരുന്നു. അതാണ് കറക്റ്റ് ഫീല്‍ എന്ന് ശശിയേട്ടന്‍ പറയാറുള്ളതിന്റെ അര്‍ഥം മനസിലായത് ജീവിതത്തില്‍ കരഞ്ഞുപോയ സന്ദര്‍ഭങ്ങള്‍ വന്നപ്പോഴാണ്. ചിലരുടെ മുന്നില്‍ കരയരുത്. കണ്ണീര്‍ ഒഴുകുന്നത് അവരുടെ മുന്നില്‍ അടിയറവ് പറയും പോലെയാണെന്ന് പിന്നീട് ഞാന്‍ മനസിലാക്കി.
മനക്കരുത്തുള്ള സ്ത്രീകളാണ് ഞാന്‍ അവതരിപ്പിച്ചതില്‍ മിക്കതും. അവര്‍ കണ്ണീര്‍ വീഴ്ത്തില്ല. ചില സന്ദര്‍ഭങ്ങളില്‍ കണ്ണുനിറഞ്ഞ് പോയേക്കാമെങ്കിലും. അതാണ് ശശിയേട്ടന്‍ പഠിപ്പിച്ച ആ കറക്റ്റ് ഫീല്‍,’ സീമ പറയുന്നു.
Content Highlight: Seema Talks About IV Sasi’s Influence In Her Acting