എണ്‍പതുകളിലെ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിമാരില്‍ ഒരാളാണ് സീമ. സിനിമയില്‍ വരുന്നതിന് മുമ്പ് നര്‍ത്തകിയായിരുന്ന സീമയുടെ അഭിനയത്തില്‍ വഴിത്തിരിവായത് അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു.
1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. ഐ.വി. ശശി തന്നെയായിരുന്നു സീമയുടെ ജീവിത പങ്കാളിയും. ഇപ്പോള്‍ സംവിധായകന്‍ ജോഷിയെ കുറിച്ച് സംസാരിക്കുകയാണ് സീമ.
പരിചയപ്പെട്ട കാലം മുതല്‍ ‘ജോഷിയേട്ടാ’ എന്ന് വിളിച്ചാണ് തനിക്ക് ശീലമെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആറ് സിനിമകളില്‍ അഭിനയിച്ചതിന്റെ അനുഭവമേ തനിക്കുള്ളൂവെന്നും നടി പറയുന്നു.
‘ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു മൂര്‍ഖന്‍. ജോഷിയേട്ടന്റെ സംവിധാനവും ജയേട്ടന്റെ അമ്പരപ്പിക്കുന്ന പെര്‍ഫോമന്‍സുമായിരുന്നു അതിന്റെ പ്രധാന കാരണങ്ങള്‍. അക്കാലത്തെ വാണിജ്യ സിനിമകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു മൂര്‍ഖന്‍.
കഥ പറയുന്ന രീതിയും ആക്ഷന്‍ സീനുകളുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. മൂര്‍ഖന്‍ സിനിമ കണ്ട് ജോഷി എന്ന സംവിധായകന്റെ കഴിവിനെ കുറിച്ച് ശശിയേട്ടന്‍ പലവട്ടം പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്,’ സീമ പറഞ്ഞു.
ജോഷിയിലെ സംവിധായകന്റെ മിടുക്ക് മൂര്‍ഖനിലൂടെയാണ് സിനിമാലോകം തിരിച്ചറിയുന്നതെന്നും പിന്നീട് നസീറും മധുവും ഉള്‍പ്പെടെയുള്ള വലിയ താരങ്ങള്‍ വരെ അദ്ദേഹത്തിന് ഡേറ്റ് നല്‍കിയെന്നും സീമ പറയുന്നു. ഹസ്സന്‍ നിര്‍മിച്ച കാഹളം ആയിരുന്നു ജോഷിയുടെ സംവിധാനത്തില്‍ താന്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Seema Talks About Director Joshiy And IV Sasi