| Wednesday, 14th January 2026, 3:21 pm

'കോടതിയില്‍ കാണാം'; മമതാ ബാനര്‍ജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സുവേന്ദു അധികാരി

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

മാനനഷ്ട നോട്ടീസിന് മറുപടി നല്‍കാന്‍ മമതയ്ക്ക് നല്‍കിയ സമയം അവസാനിച്ചുവെന്നും അവര്‍ മറുപടി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ നിയമപരമായി നേരിടുമെന്നും ബി.ജെ.പി നേതാവായ സുവേന്ദു പറഞ്ഞു.

കല്‍ക്കരി കള്ളക്കടത്ത് കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം ശരിവെക്കുന്ന തെളിവുകള്‍ 72 മണിക്കൂറിനുള്ളില്‍ ഹാജാരാക്കണമെന്നാവശ്യപ്പെട്ട് അധികാരി വെള്ളിയാഴ്ച്ച മമതാ ബാനാര്‍ജിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

തെളിവുകള്‍ ഹാജരാക്കുന്നതിലുളള മുഖ്യമന്ത്രിയുടെ പരാജയം ഉചിതമായ സിവില്‍, ക്രിമിനല്‍, മാനനഷ്ട നടപടികള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കല്‍ക്കരി കുംഭകോണ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുവേന്ദു അധികാരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മമതാ ബാനര്‍ജി പരസ്യമായി ആരോപിച്ചതിന് പിന്നാലെയായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്.

അഴിമതിയില്‍ നിന്നുളള പണം സുവേന്ദു വഴി അമിത് ഷായ്ക്ക് കൈമാറിയെന്നായിരുന്നു മമതയുടെ പ്രസ്താവന. ഐ.പാക് ഓഫീസിലെ ഇ.ഡി റെയ്ഡിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘ മമത ബാനര്‍ജി ബുദ്ധി ശൂന്യയാണെന്ന് തോന്നുന്നു. എന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ മമതയ്ക്ക് കൊടുത്ത സമയം അവസാനിപ്പിച്ചു. കല്‍ക്കരി കുംഭകോണത്തില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അവരുടെ സാങ്കല്‍പ്പിക ആരോപണങ്ങള്‍ അവരുടെ ദുഷ്ടമനോഭാവം കാരണമാണ്,’ സുവേന്ദു പറഞ്ഞു.

കോടതിയില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകൂ എന്നും നിങ്ങളെ കോടതിയില്‍ കാണാം എന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

Content Highlight: ‘See you in court’; Suvendu Adhikari prepares legal action against Mamata Banerjee

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more