ലണ്ടന്‍: ഇറാനെതിരായ ഇസ്രഈല്‍- യു.എസ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ മേഖലയില്‍ വര്‍ധിച്ച് വരുന്ന ആശങ്കകള്‍ക്കിടെ സൈപ്രസിലേക്ക് യുദ്ധ കപ്പലുകളും ഹെലിക്കോപ്പ്റ്ററുകളും വിന്യസിക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍.
സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നതിനായുള്ള സര്‍ക്കാര്‍ നടപടി.
‘ഞങ്ങളുടെ സൈപ്രസ് പങ്കാളികളുടെ ഡ്രോണ്‍ പ്രതിരോധം ശക്തമാക്കുന്നതിനായി രണ്ട് വൈല്‍ഡ് കാറ്റ് ഹെലികോപ്റ്ററുകള്‍ക്കൊപ്പം കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് എച്ച്.എം.എസ് ഡ്രാഗണിനെ അയക്കുകയാണ്,’ യു.കെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റോയല്‍ നേവിയുടെ ആറ് ടൈപ്പ്-45 വ്യോമ പ്രതിരോധ കപ്പലുകളില്‍ ഒന്നായ എച്ച്.എം.എസ് ഡ്രാഗണില്‍ 10 സെക്കന്‍ഡിനുള്ളില്‍ എട്ട് മിസൈലുകള്‍ വിക്ഷേപിക്കാനും ഒരേസമയം 16 മിസൈലുകളെ വരെ നയിക്കാനും കഴിയുന്ന സീ വൈപ്പര്‍ മിസൈല്‍ സംവിധാനമുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൈപ്രസിന്റെയും അവിടെ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെയും സുരക്ഷയ്ക്ക് രാജ്യം പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വിന്യാസം പ്രഖ്യാപിച്ചുകൊണ്ട് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
തങ്ങള്‍ എപ്പോഴും യു.കെയുടെ സഖ്യ കക്ഷികളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഇതിന് പിന്നാലെ ഫ്രാന്‍സിന്റെ ആണവോര്‍ജ്ജ വിമാന വാഹിനി കപ്പലായ ചാള്‍സ് ഡി ഗല്ലിനോട് ബാള്‍ട്ടിക് കടലില്‍ നിന്ന് മെഡിറ്ററേനിയനിലേക്ക് നീങ്ങാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടു.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മിഡില്‍ ഈസ്റ്റില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍, വ്യോമ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് ടി.വിയില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആവശ്യാനുസരണം ഈ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ തിങ്കളാഴ്ച നടന്ന ആക്രമണത്തെ ഉദ്ധരിച്ചുകൊണ്ട് സൈപ്രസും ഫ്രാന്‍സും അടുത്തിടെ ഒരു തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും മാക്രോണ്‍ പറഞ്ഞു.
‘ഇതിന് ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുകൊണ്ടാണ് സൈപ്രസ് തീരത്ത് ഇന്ന് വൈകുന്നേരം എത്തുന്ന ഫ്രഞ്ച് യുദ്ധക്കപ്പലായ ലാംഗ്വെഡോക്കിനൊപ്പം കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളും അവിടേക്ക് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്,’ മാക്രോണ്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളമായ ആര്‍.എ.എഫ് അക്രേതേരിക്ക് നേരെ ഇറാന്‍ നിമര്‍മിത ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. റണ്‍വേയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാനൊരുങ്ങുന്ന പുതിയ പ്രഖ്യാപനം. ഗ്രീസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും സൈപ്രസിന്റെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.\
Content Highlight: Security of Cyprus and its soldiers is a priority; UK and France deploy warships