സാന്‍ ഫ്രാന്‍സിസ്‌കോ: സുരക്ഷാ പരിശോധനയില്‍ ആശങ്കപ്പെടുത്തുന്ന ഫലങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ എ.ഐ മോഡലിന്റെ റിലീസ് റദ്ദാക്കി ഓപ്പണ്‍ എ.ഐ.
ഒക്ടോബറില്‍ ചാറ്റ് ജി.പി.ടിയിലും കോഡ്എക്‌സിലും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന ജി.പി.ടി-6.1 ആസ്ട്ര പുതിയ മോഡലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനയ്ക്കിടെ പുതിയ മോഡലിന് ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങളുടെ പരിധി മറികടന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിലീസ് പിന്‍വലിച്ചത്.
ഉപയോക്താവിന്റെ അനുമതിയില്ലാതെ ചില കാര്യങ്ങള്‍ ചെയ്യാനുള്ള സാധ്യതയും പരിശോധനയില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എ.ഐ മോഡല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
മോഡല്‍ താന്‍ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ ഉപയോക്താവിനോട് കൃത്യമായി പറയുന്നതിലും ചില വീഴ്ചകള്‍ കണ്ടെത്തി.
പ്രത്യേകിച്ച് സങ്കീര്‍ണമായ ജോലികള്‍ മനുഷ്യരുടെ തുടര്‍ച്ചയായ ഇടപെടലില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള സാധ്യതയാണ് സുരക്ഷാ പരിശോധനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ മോഡല്‍ ചില മേഖലകളില്‍ മുന്‍ മോഡലുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ റിലീസ് പൂര്‍ണമായും ഓഴിവാക്കുകയായിരുന്നു.
എ.ഐ സംവിധാനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇതോടെ കൂടുതല്‍ ചര്‍ച്ചയാകുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ പുതിയ മോഡല്‍ പുറത്തിറക്കൂ എന്നാണ് നിലവിലെ സൂചന.
Content Highlights: Security lapse; OpenAI cancels release of new AI model.