തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ സംഘാടനത്തിലെ പോരായ്മകളിലും തൃശൂരിൽ നീന്തൽ മത്സരത്തിനിടെ പന്തൽ തകർന്നു വീണുണ്ടായ അപകടത്തിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കായിക സ്വപ്നങ്ങളെയും കുട്ടികളുടെ ജീവനെയും വെച്ചാണ് ഈ പന്താട്ടമെന്നും, ഗുരുതരമായ ഈ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് വേണ്ടിയാണോ അതോ വെറുമൊരു പ്രഹസനം കാട്ടിത്തീർക്കാൻ വേണ്ടിയാണോ സർക്കാർ ഈ മേള നടത്തുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
2024 മുതൽ നടപ്പിലാക്കിയ സ്കൂൾ ഒളിമ്പിക്സ് എന്ന ലോകോത്തര മാതൃകയെ വെട്ടിനുറുക്കി പല ജില്ലകളിലായി ചിതറിച്ച് മേളയുടെ അന്തസ്സ് തന്നെ ഇല്ലാതാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരിൽ നീന്തൽ മത്സരത്തിനിടെ പന്തൽ തകർന്നു വീണ് പത്തിലധികം കുട്ടികൾ ചോരയൊലിപ്പിച്ച് നിലവിളിച്ച കാഴ്ച കേരളത്തിന് തന്നെ നാണക്കേടാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഒരു സംഘാടകൻ പോലും ഓടിയെത്താതെ, ഒടുവിൽ രക്ഷിതാക്കൾ സ്വന്തം നിലയിലാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടികൾക്ക് കിടന്നുറങ്ങാൻ മാന്യമായ സൗകര്യമോ പോഷകസമൃദ്ധമായ ഭക്ഷണമോ യാത്രാസൗകര്യമോ ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞിട്ടില്ല എന്ന അദ്ദേഹം വിമർശിച്ചു.
ഉദ്യോഗസ്ഥർക്കല്ല ഇവിടെ മാറ്റമുണ്ടായതെന്നും അവരെ ഏകോപിപ്പിച്ചു മികച്ച സംഘാടനം ഉറപ്പുവരുത്തേണ്ട സർക്കാരിന്റെ ഇച്ഛാശക്തിക്കാണ് കോട്ടം തട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചകളിൽ ഉദ്യോഗസ്ഥരെ പഴിചാരി സർക്കാരിന് കൈകഴുകാൻ കഴിയില്ല. തൃശൂരിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും, കുട്ടികളുടെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം തട്ടിക്കൂട്ട് നാടകങ്ങൾ ഇനിയും അനുവദിക്കില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം, കായികമേള വേദിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ തൃശൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. മത്സരങ്ങളുടെ സംഘാടനം പൂർണമായും പിഴവുകളാൽ നിറഞ്ഞതാണെന്ന് പ്രവർത്തകർ ആരോപിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും, മത്സരങ്ങളുടെ തയ്യാറെടുപ്പുകൾക്കായി ഡി.ഡി.ഇ ഒരു സംഘാടക സമിതി യോഗം പോലും വിളിച്ചുചേർത്തിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം വിമർശിച്ചു.
Content Highlight:Security lapse at school sports meet: V. Sivankutty demands that the Chief Minister and ministers apologize to the students.