ന്യൂദല്‍ഹി: വോട്ടര്‍മാരുടെ രഹസ്യസ്വഭാവമുള്ള വ്യക്തിവിവരങ്ങളും രേഖകളും ലഭ്യമാക്കാന്‍ വഴിയൊരുക്കിയ വെബ്‌സൈറ്റിലെ സുരക്ഷാവീഴ്ച പരിഹരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എളുപ്പത്തില്‍ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സുരക്ഷാവീഴ്ച റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു മാസത്തിലേറെ നീണ്ട പരിശോധനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ സുരക്ഷാവീഴ്ച റോയിട്ടേഴ്‌സ് കണ്ടെത്തിയത്. വോട്ടര്‍ സ്വന്തം അക്കൗണ്ടില്‍ പ്രവേശിച്ച് പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിക്കാന്‍ സമയം ആവശ്യപ്പെടുമ്പോഴായിരുന്നു പ്രശ്‌നം കണ്ടെത്തിയത്.
സാധാരണ ബ്രൗസറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് തുറക്കാവുന്ന ഡെവലപ്പര്‍ ടൂള്‍സിലെ ‘നെറ്റ്‌വര്‍ക്ക്’ ടാബില്‍, ഓണ്‍ലൈനായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനോ വിവരങ്ങള്‍ പുതുക്കുന്നതിനോ സമര്‍പ്പിച്ച അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.
ഈ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ വിളിക്കാനുള്ള സമയം ബുക്ക് ചെയ്യുമ്പോള്‍, അതേ നെറ്റ്‌വര്‍ക്ക് വിവരങ്ങളില്‍ ഉപയോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളും പുറത്തുവന്നിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ പാത്തുകളും ഇതില്‍ കാണാമായിരുന്നു.
ബ്രൗസറിന്റെ പ്രധാന സ്‌ക്രീനില്‍ ഈ വിവരങ്ങള്‍ ദൃശ്യമാകുമായിരുന്നില്ല. വെബ്‌സൈറ്റിന്റെ കോഡിലെ സുരക്ഷാ പിഴവാണ് ഇതിന് കാരണമെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തലുകള്‍ പരിശോധിച്ച ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഗവേഷകരായ കരണ്‍ സെയ്‌നിയും എഹ്‌റാസ് അഹമ്മദും പറഞ്ഞെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഫറന്‍സ് നമ്പറുകള്‍ പ്രവചിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമത്തിലായിരുന്നു എന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യം. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് നമ്പറുകള്‍ ഊഹിച്ചെടുക്കാനും വലിയ അളവില്‍ വിവരങ്ങള്‍ സ്വയമേവ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുമായിരുന്നു.
ഫോണ്‍ വിളിക്കാനുള്ള സമയം ബുക്ക് ചെയ്യുമ്പോള്‍ സാധാരണ ഉപയോക്താക്കള്‍ ഇത്തരം സാങ്കേതിക നടപടികള്‍ പിന്തുടരാന്‍ സാധ്യത കുറവാണ്. എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഈ നടപടികള്‍ ഓട്ടോമേറ്റ് ചെയ്ത് വന്‍തോതില്‍ വിവരങ്ങള്‍ ശേഖരിക്കാനും ദുരുപയോഗം ചെയ്യാനും കഴിയുമായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 26ന് കണ്ടെത്തലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മൂന്ന് കമ്മീഷണര്‍മാര്‍ക്കും കൈമാറി വിശദീകരണം തേടിയിരുന്നുവെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ കമ്മീഷന്റെ ഐ.ടി വിഭാഗത്തോട് ആവശ്യപ്പെട്ടതായി ഇ.സി.ഐ വക്താവ് അറിയിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ സുരക്ഷാവീഴ്ച പരിഹരിച്ചു. വ്യക്തിഗത വിവരങ്ങളും ഫയല്‍ പാത്തുകളും ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ മറച്ചുവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടിയിലൂടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നഷ്ടമായെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികളും പ്രവര്‍ത്തകരും ആരോപിക്കുന്നു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബി.ജെ.പിയുടെ വാദം.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെയും വിമര്‍ശനം നേരിട്ടിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചില വോട്ടര്‍മാരുടെ വിവരങ്ങളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് സിവിക്‌ടെക് സംഘടന നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയതായി ഒക്ടോബറില്‍ ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Security flaw on website exposed voters’ personal details and documents; Election Commission has resolved the issue