തിരുനെൽവേലി: ബി.ജെ.പിക്ക് മതേതരത്വം കയ്‌പേറിയ വാക്കാണെന്നും ഭരണഘടനയിൽ നിന്നും ആ വാക്ക് നീക്കം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ശനിയാഴ്‌ച തിരുനെൽവേലിയിൽ നടന്ന ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി മതേതരത്വം എന്ന ആശയത്തെ വെറുക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ബി.ജെ.പിയുടെ വിനാശകരമായ പദ്ധതികൾക്കെതിരെ ഡി.എം.കെ പോരാടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ സമുദായങ്ങൾക്ക് കേന്ദ്ര സർക്കാർ ഭീഷണി ഉയർത്തുണ്ടെന്നും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ തങ്ങൾ ശക്തമായി എതിർത്തിരുന്നെന്നും പ്രതിഷേധങ്ങൾ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം മതേതരത്വം എന്ന വാക്ക് വേപ്പിൻകായ പോലെ കയ്‌പ്പേറിയതാണ്. ഭരണഘടനയിൽ നിന്നും അവരത് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു,’ സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യത്തെ നശിപ്പിക്കാനും സ്വേച്ഛാധിപത്യ ഭാവി സൃഷ്ടിക്കാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും തമിഴ്‌നാട്ടിലും അവരുടെ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡി.എം.കെ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ വൈവിധ്യത്തെ നശിപ്പിക്കുന്നു. ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തെരഞ്ഞെടുപ്പ്, ഒരു പാർട്ടി, ഒരു നേതാവ് എന്നിങ്ങനെ സ്വേച്ഛാധിപത്യ ഭാവി സൃഷ്ടിക്കാൻ അവർ ലക്ഷ്യമിടുന്നു. തമിഴ്‌നാട്ടിലും അവർ ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ ദുഷ്ട പദ്ധതികളെ എതിർക്കാനും പരാജയപ്പെടുത്താനും ഡി.എം.കെയ്ക്ക് ശക്തിയുണ്ട്,’ സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ സമാധാനം തകർക്കാനും ഐക്യത്തോടെ ജീവിക്കുന്ന ആളുകളെ ഭിന്നിപ്പിക്കാനും എങ്ങനെ കഴിയുമെന്ന് പലരും ചിന്തിക്കുന്നുണ്ടെന്നും ആത്മീയതയുടെ പേരിൽ ചില സംഘടനകൾ നമ്മെ അക്രമത്തിലേക്ക് നയിക്കുന്നത് തമിഴ്‌നാട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ ക്രിസ്ത്യൻ മിഷനറിയായിരുന്ന സാറ ടക്കർ നടത്തിയ മികച്ച സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
തെക്കൻ തമിഴ്‌നാട്ടിൽ ധാരാളം സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് അടിത്തറയായി പ്രവർത്തിക്കുന്നത് സാറാ ടക്കർ കോളേജ് പോലുള്ള സ്ഥാപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Secularism is a bitter word for BJP; they want to remove it from the Constitution: Stalin