| Saturday, 28th June 2025, 3:32 pm

ആര്‍.എസ്.എസിന്റെ ആഗ്രഹം മനസില്‍ വെച്ചാല്‍ മതി; മതേതരത്വവും സോഷ്യലിസവും ഇന്ത്യക്കാര്‍ സ്‌നേഹത്തോടെ ഏറ്റെടുത്ത വാക്കുകള്‍: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നിലപാട് അവര്‍ത്തിച്ചതില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേന്ദ്രമന്ത്രിയല്ല ആര് പറഞ്ഞാലും ആ പൂതിയങ്ങ് മനസില്‍ വെച്ചാല്‍ മതിയെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും സ്‌നേഹത്തോടുകൂടി സ്വീകരിച്ച രണ്ടു വാക്കുകളാണ് സോഷ്യലിസവും മതേതരത്വവും. ഈ രണ്ടു വാക്കുകളും ഭരണഘടനയുടെ അവിഭാജ്യ ഘടകങ്ങളുമാണ്. അവ ഇല്ലാതാക്കണം എന്ന് പറയുന്നത് ആര്‍.എസ്.എസ് കുറെ കാലങ്ങളായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ടയുടെ ഭാഗമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നേതാവിന്റെ ആവശ്യത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

1948 മുതല്‍ ആര്‍.എസ്.എസ് പറയുന്ന കാര്യമാണ് ഇതൊന്നും അവരുടെ അജണ്ട വളരെ ക്ലിയര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോടും ഇന്ത്യന്‍ ജനങ്ങളോടും ആര്‍.എസ്.എസിന് താത്പര്യമില്ലെന്നും കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര എന്നും ജനങ്ങളെ വിഭജിക്കുക എന്നത് അവരുടെ ലക്ഷ്യമാണെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഭരണഘടനയെ മാറ്റാനുള്ള ശ്രമങ്ങളെ ചെറുക്കും. മോദി പത്ത് തവണ പിറന്നാലും ഭരണഘടനയെ തൊടാനാവില്ല. ധൈര്യമുണ്ടെങ്കില്‍ ആര്‍.എസ്.എസ് പാര്‍ലമെന്റിലേക്ക് വരണം. അവിടെ കാണിച്ചു തരാം ഇന്ത്യമുന്നണിയും കോണ്‍ഗ്രസും എന്തുചെയ്യുമെന്ന്,’ യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പിലും കെ.സി. വേണുഗോപാല്‍ നിലപാട് വ്യക്തമാക്കി.

ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബല്ലയാണ് ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും അതിനാല്‍ ഇവ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ആര്‍.എസ്.എസ് നേതാവ് ആവശ്യപ്പെടുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ സമാചാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍ എന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ വിവാദപരാമര്‍ശം.

ഇതിനുപിന്നാലെയാണ് ബി.ജെ.പി മന്ത്രിമാര്‍ ആര്‍.എസ്.എസ് നേതാവിന്റെ ആവശ്യം ആവര്‍ത്തിച്ച് രംഗത്തെത്തിയത്. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് തന്നെ രാജ്യത്തിന്റെ നിലപാട് വ്യക്തമാണെന്നുമാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.

എന്നാല്‍ ഇതിനിടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും പക്ഷെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വ്യക്തമാക്കി.

Content Highlight: Secularism and socialism are words that Indians have embraced with love: K.C. Venugopal

We use cookies to give you the best possible experience. Learn more