| Friday, 13th June 2025, 8:22 am

വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ അനുവദിക്കുന്ന ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് കത്തെഴുതി.

തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ സഹായകമാവുന്ന വകുപ്പാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഒഴിവാക്കിയത്.

വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരന്തബാധിതര്‍ക്ക് വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകള്‍ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം നല്‍കുന്ന സുപ്രധാന വകുപ്പാണിത്.

കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്ന ദുരന്തബാധിതര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വ്യവസ്ഥ കൂടിയാണിത്. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ 2025 മാര്‍ച്ചില്‍ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി, മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

‘മുണ്ടക്കൈ-ചൂരല്‍മല അപകടത്തിന് പിന്നാലെ 2024 ആഗസ്റ്റ് 17നാണ് കേന്ദ്രസര്‍ക്കാരിന് കേരളം ആദ്യത്തെ മെമ്മോറാണ്ടം നല്‍കിയത്. മെമ്മോറാണ്ടത്തിന് പുറമെ 2024 നവംബര്‍ 13ന്, പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) നടത്തി വിശദമായ റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു.

എന്നാല്‍ പിന്നീട്, 29-3-2025ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും നിയമം ഭേദഗതി ചെയ്തതിനാല്‍ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,’ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ദുരന്ത ബാധിതരെ സഹായിക്കാനോ അവരുടെ വായ്പകള്‍ എഴുതിത്തള്ളാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാതിരുന്നപ്പോഴായിന്നു കോടതി സ്വമേധയാ കേസെടുത്തതെന്നും ഓഫീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടക്കം മുതല്‍ ഈ വിഷയത്തില്‍ കേരളത്തിനനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് അവശ്യപ്പെട്ടതാണ്. കേരളത്തെ സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ആ ഘട്ടത്തില്‍ കോടതിക്ക് പോലും രോഷത്തോടെ പ്രതികരിക്കേണ്ടി വന്നുവെന്നും ഓഫീസ് പ്രതികരിച്ചു.

എന്നാല്‍ കേരളത്തിന് ഒരു നയാപൈസ പോലും നല്‍കാതിരിക്കുന്നതിന് പുറമെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തളളാതിരിക്കാന്‍ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്ന തരത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുകയാണ്. കോടതിയെ പോലും ഗൗനിക്കാത്ത ഈ നിലപാട് തിരുത്തണമെന്നതാണ് കേരളത്തിന്റെ വികാരം. അത് മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും ഓഫീസ് വ്യകത്മാക്കി.

ജൂണ്‍ 11നാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ദുരന്തനിവാരണത്തിലെ 13-ാം വകുപ്പ് മാര്‍ച്ച് 26ന് ഒഴിവാക്കിയിരുന്നുവെന്നും വായ്പ എഴുതി തള്ളുന്നതില്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്.

Content Highlight: Section 13 of the National Disaster Management Act, which allows concessions in loan repayments, should be restored; Chief Minister writes to the Prime Minister

We use cookies to give you the best possible experience. Learn more