| Monday, 14th July 2025, 11:53 am

വിവാഹ മോചനക്കേസിൽ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം പങ്കാളിക്കെതിരെ ഉപയോഗിക്കാം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിവാഹ മോചനക്കേസിൽ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം പങ്കാളിക്കെതിരെ തെളിവായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ഭാര്യയുടെ അറിവില്ലാതെ ടെലിഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കുടുംബ കോടതിയിൽ തെളിവായി ഇത് സ്വീകരിക്കാൻ കഴിയില്ലെന്നും വിധിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

പങ്കാളിയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ടെലിഫോൺ സംഭാഷണം വിവാഹ മോചന നടപടിക്രമങ്ങളിൽ തെളിവായി സ്വീകരിക്കാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

അത്തരത്തിൽ രഹസ്യമായി റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പ് നിയമപ്രകാരം നിരോധിച്ചിട്ടില്ലെന്നും സ്വകാര്യതയുടെ ലംഘനമായി കണക്കാക്കില്ലെന്നും സുപ്രീം കോടതി വിധിച്ചു.

ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 122 അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. പങ്കാളിയുടെ സമ്മതമില്ലാതെ വിവാഹ ബന്ധത്തെക്കുറിച്ച് അവർ നടത്തുന്ന സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്ത് തെളിവായി നൽകുന്നത് അംഗീകരിക്കില്ലായിരുന്നു.

എന്നാൽ, ഭരണഘടനയുടെ 21-ആം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള വിവാഹമോചന നടപടികൾ ഉൾപ്പെടുന്ന ഒരു കേസിൻ പിന്നാലെയാണ് സുപ്രീം കോടതിയുടെ ഈ വിധി വന്നിരിക്കുന്നത്. കേസിൽ ജസ്റ്റിസ് ലിസ ഗിൽ ആയിരുന്നു ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ചത്.

ഭാര്യ തന്നോട് ക്രൂരമായി പെരുമാറുന്നുണ്ടെന്നതിന് തെളിവായി രഹസ്യമായി റെക്കോർഡുചെയ്‌ത ഫോൺ സംഭാഷണങ്ങൾ  ഉപയോഗിക്കാൻ ഭട്ടിൻഡയിലെ കുടുംബ കോടതി ഭർത്താവിന് അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, തന്റെ സമ്മതമില്ലാതെയാണ് റെക്കോർഡിങ് നടത്തിയതെന്നും അത് സ്വീകരിക്കുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുമെന്നും വാദിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അവരുടെ ഹരജി അംഗീകരിക്കുകയും കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി രേഖപ്പെടുത്തിയതിനാൽ, തെളിവായി അത്തരം റെക്കോർഡിംഗുകൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Secretly Recorded Telephonic Conversation Of Spouse Admissible Evidence In Matrimonial Cases : Supreme Court

We use cookies to give you the best possible experience. Learn more