| Saturday, 22nd November 2025, 2:20 pm

പ്രോട്ടിയാസിനെതിരെ വിയര്‍ത്തൊലിച്ച് ഇന്ത്യ; വന്‍മതിലായി ക്യാപ്റ്റനും സ്റ്റബ്‌സും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. 55 ഓവറാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്.

നിലവില്‍ പ്രോട്ടിയാസിന് വേണ്ടി ക്രീസില്‍ നിലയുറപ്പിച്ചത് മൂന്നാം നമ്പര്‍ ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും ക്യാപ്റ്റന്‍ തെംബ ബാവുമയുമാണ്. സ്റ്റബ്‌സ് 82 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് നേടിയത്. തെംബ 86 പന്തില്‍ നാല് ഫോറടക്കം 36 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രോട്ടിയാസിന്റെ ബാറ്റിങ് പ്രതിരോധത്തിന് മുന്നില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

മത്സരത്തില്‍ പ്രോട്ടിയാസ് 82 റണ്‍സ് നേടിയപ്പോഴാണ് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രം പുറത്തായത്. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് താരം കൂടാരം കയറിയത്. 81 പന്തില്‍ അഞ്ച് ഫോറടക്കം 38 റണ്‍സാണ് താരം നേടിയത്.

പിന്നാലെ റിയാന്‍ റിക്കിള്‍ട്ടണെയും പ്രോട്ടിയാസിന് നഷ്ടമായി. 82 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 35 റണ്‍സ് നേടിയ താരത്തെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. നിലവില്‍ രണ്ടാം സെക്ഷനില്‍ മികച്ച നിലയിലേക്കാണ് പ്രോട്ടിയാസ് നീങ്ങുന്നത്. വിക്കറ്റ് നേടി ബാവുമ സഖ്യത്തിന്റെ പാര്‍ട്ണര്‍ഷിപ്പ് ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഇന്ത്യ ഇനിയും വിയര്‍പ്പൊഴുക്കേണ്ടിവരും.

അതേസമയം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് രണ്ടാമത്തേയും അവസാനത്തേതുമായ ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ തെംബ ബാവുമയോടും സംഘത്തോടും സമ നിലവഴങ്ങിയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും. ഹോം ടെസ്റ്റില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്ന ഇന്ത്യയ്ക്ക് ഇനി ഒരു തോല്‍വി താങ്ങാനാവില്ല.

ഇന്ത്യ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, തെംബ ബാവുമ (ക്യാപ്റ്റന്‍), വിയാന്‍ മുള്‍ഡര്‍, ടോണി ഡി സോര്‍സി, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), സെനുറാന്‍ മുത്തുസാമി, മാര്‍കോ യാന്‍സെന്‍, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്

Content Highlight: Second Test update between India and South Africa

We use cookies to give you the best possible experience. Learn more