| Saturday, 5th September 2026, 4:14 pm

സെക്കന്‍ഡ് ഹാഫ് ഗംഭീരമായിരുന്നെങ്കില്‍ മിനിമം 200 കോടി നേടേണ്ട പടങ്ങള്‍, തിരക്കഥയില്‍ പാളി ഐ നോബഡിയും ഐ ആം ഗെയിമും

അമര്‍നാഥ് എം.

മറ്റ് ഇന്‍ഡസ്ട്രികളുടെ മുന്നില്‍ ‘ഇത് താണ്ടാ മോളിവുഡ്’ എന്ന് അഭിമാനത്തോടെ പറയാന്‍ സാധ്യതയുള്ള കഥകളായിരുന്നു ഐ നോബഡി, ഐ ആം ഗെയിം എന്നീ ചിത്രങ്ങളുടേത്. മാന്‍ vs സൊസൈറ്റി എന്ന തീമിനെ മുന്‍നിര്‍ത്തി തുടങ്ങിയ ഐ, നോബഡിയും ഫാന്റസിയും ഗാംബ്ലിങ്ങും ചേര്‍ന്നുള്ള കഥ പറഞ്ഞ ഐ ആം ഗെയിമും വലിയ പൊട്ടന്‍ഷ്യലുള്ള സബ്ജക്ടുകളായിരുന്നു.

ഒരു ഴോണറില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഒന്നിലധികം ഴോണറുകള്‍ പരീക്ഷിച്ച രണ്ട് സിനിമകളും പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിച്ചില്ല. ഗംഭീര തുടക്കവും അതിനൊത്ത ആദ്യ പകുതിയുമായിരുന്നു രണ്ട് സിനിമകള്‍ക്കും. എന്നാല്‍ ഫസ്റ്റ് ഹാഫ് തന്ന ഹൈ സെക്കന്‍ഡ് ഹാഫിന് കാത്തുസൂക്ഷിക്കാനാകാത്തതാണ് രണ്ട് സിനിമകള്‍ക്കും തിരിച്ചടിയായത്.

രാജീവന്‍ എന്ന സാധാരണക്കാരന്‍ ഒരു ബാങ്ക് മോഷണത്തിന്റെ ഭാഗമാകേണ്ടി വരുന്നതും പിന്നീട് അയാളെ സമൂഹം വേട്ടയാടുന്നതുമാണ് ഐ, നോബഡിയുടെ കഥ. ഹെയ്‌സ്റ്റ് ത്രില്ലറായി തുടങ്ങി പിന്നീട് മിസ്റ്ററിയും ആക്ഷനുമെല്ലാം കാണിച്ച് തുടങ്ങിയ ചിത്രം അവസാന അരമണിക്കൂറില്‍ കെട്ട് പൊട്ടിയ പട്ടം പോലെയായി. ഒരാവശ്യവുമില്ലാതെ പൊളിറ്റിക്‌സെല്ലാം കുത്തിക്കയറ്റി നല്ലൊരു സബ്ജക്ടിനെ തിരക്കഥാകൃത്തുകള്‍ നശിപ്പിച്ചെന്ന് പറയാം.

ഇതേ അവസ്ഥ തന്നെയാണ് ഐ ആം ഗെയിമിനും സംഭവിച്ചത്. ഗാംബ്ലിങ്ങിന്റെയും അതിന് പിന്നില്‍ നടക്കുന്ന കാര്യങ്ങളുമെല്ലാം കാണിച്ച ചിത്രം അരമണിക്കൂറിന് ശേഷം ഫാന്റസി ഴോണറിലേക്ക് കടക്കുന്നുണ്ട്. ഒരുപാട് സാധ്യതകളുള്ള നല്ലൊരു തീം രണ്ടാം പകുതിയില്‍ സ്ഥിരം റിവഞ്ച് കഥയിലേക്ക് മാറുകയായിരുന്നു. ആദ്യപകുതിയില്‍ നിറഞ്ഞുനിന്ന ദുല്‍ഖറിന് രണ്ടാം പകുതിയില്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് ഇല്ലാതിരുന്നതും ചിത്രത്തിന് തിരിച്ചടിയായി.

രണ്ട് സിനിമകളിലും ഒരുപാട് പോസിറ്റീവുകളുമുണ്ട്. അതിലൊന്നാണ് ആക്ഷന്‍ സീനുകള്‍. അഞ്ച് ഫൈറ്റ് മാസ്റ്റേഴ്‌സ് ചേര്‍ന്ന് ഒരുക്കിയ ഐ, നോബഡിയിലെ ഒരോ ഫൈറ്റ് സീനും കൊടുത്ത പൈസക്ക് വര്‍ത്തായിരുന്നു. ലിഫ്റ്റ് ഫൈറ്റ്, ഷോപ്പിങ് മാള്‍ ഫൈറ്റ്, ബസ് ഫൈറ്റ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഓരോ ആക്ഷന്‍ സീനിനും പൃഥ്വി ഇട്ട എഫര്‍ട്ടും എടുത്തു പറയണം.

ഐ ആം ഗെയിമിലും കിടിലന്‍ ആക്ഷന്‍ സീനുകളുണ്ട്. ആദ്യപകുതിയിലെ കസിനോ ഫൈറ്റാണ് അതില്‍ ആദ്യത്തേത്. ട്രെയ്‌ലര്‍ റിലീസ് സമയത്ത് ട്രോള്‍ മെറ്റീരിയലാകുമെന്ന് പലരും പ്രവചിച്ച ഈയൊരു ഫൈറ്റിന് തിയേറ്ററില്‍ ഗംഭീര റെസ്‌പോണ്‍സാണ് ലഭിച്ചത്. ദുല്‍ഖറിന്റെ ഫ്‌ളെക്‌സിബിലിറ്റിയും റിയാക്ഷനും ഈ ഫൈറ്റിനെ കൂടുതല്‍ മികച്ചതാക്കി. പ്രീ ഇന്റര്‍വെല്‍ സീനിലെ ഹാന്‍ഡ് ടു ഹാന്‍ഡ് ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാണ്.

എന്നാല്‍ സമീപകാലത്ത് പല സിനിമകളെയും പിടിമുറുക്കിയ സെക്കന്‍ഡ് ഹാഫ് ശാപം നോബഡിയെയും ഐ ആം ഗെയിമിനെയും പിടികൂടിയെന്ന് പറയാം. വലിയ കാന്‍വാസില്‍ ഈ രണ്ട് സിനിമകളും നിര്‍മിക്കാന്‍ ധൈര്യം കാണിച്ച പൃഥ്വിരാജിനെയും ദുല്‍ഖറിനെയും പ്രത്യേകം അഭിനന്ദിക്കണം.

Content Highlight: Second half ruined I Nobody and I’m Game movie’s potential

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more