| Saturday, 14th November 2026, 5:44 pm

9/11നുശേഷം രണ്ടാമത്തെ ഗ്രൗണ്ട് സ്റ്റോപ്പ്; അമേരിക്കയുടെ ആകാശം സുരക്ഷിതമാണോ?

ആര്യ. പി

9/11 ആക്രമണത്തിനുശേഷം രാജ്യവ്യാപകമായി വിമാനങ്ങളുടെ പുറപ്പെടല്‍ തടഞ്ഞ രണ്ടാമത്തെ ഗ്രൗണ്ട് സ്റ്റോപ്പ് കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറോളം നീണ്ട പ്രതിസന്ധിയില്‍ 4,700-ലേറെ വിമാനങ്ങള്‍ റദ്ദാക്കുകയും 10,000 വിമാനങ്ങള്‍ വൈകുകയും ചെയ്തു.

ഒരു ടെലികമ്മ്യൂണിക്കേഷന്‍ തകരാര്‍ അമേരിക്കയുടെ വ്യോമഗതാഗത സംവിധാനത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. ഇതൊരു താത്ക്കാലിക സാങ്കേതിക തകരാര്‍ മാത്രമായി കാണാനാകുമോ?

കാലപ്പഴക്കം ചെന്ന അടിസ്ഥാനസൗകര്യങ്ങള്‍, നവീകരണത്തിലെ കാലതാമസം, ബദല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് എന്നിവയെല്ലാം ഈ പ്രതിസന്ധിയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ചോദ്യം ബാക്കിയാണ്.

ലോകത്തെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗത ശൃംഖലകളിലൊന്നിനെ മണിക്കൂറുകള്‍ക്കുള്ളില്‍ നിശ്ചലമാക്കാന്‍ ഒരു സാങ്കേതിക തകരാറിന് എങ്ങനെ കഴിഞ്ഞു?

എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്? ആയിരക്കണക്കിന് വിമാനങ്ങളുടെ സര്‍വീസുകളെ ബാധിച്ച തകരാറിന് പിന്നിലെ കാരണമെന്താണ്? സമാനമായ പ്രതിസന്ധികള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടോ? പരിശോധിക്കാം…

എന്താണ് സംഭവിച്ചത്?

വെള്ളിയാഴ്ച കിഴക്കന്‍ അമേരിക്കന്‍ സമയം ഉച്ചകഴിഞ്ഞ് 3.54-നാണ് എഫ്.എ.എ രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള വിമാനങ്ങളെ നിയന്ത്രിക്കുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നായിരുന്നു നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ വിമാനങ്ങള്‍ പറന്നുയരുന്നത് താത്ക്കാലികമായി തടയുകയായിരുന്നു ലക്ഷ്യം. നാല് മണിക്കൂറിലധികം നീണ്ട തടസ്സത്തിനുശേഷം രാത്രി 8.15-ന് വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു.

ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചെങ്കിലും വിമാന സര്‍വീസുകള്‍ ഉടന്‍ പഴയ നിലയിലാകില്ലെന്ന് ഡഫി മുന്നറിയിപ്പ് നല്‍കി. പൈലറ്റുമാരുടെയും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുടെയും ലഭ്യതയടക്കം പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ പുനരാരംഭിക്കുക. വെള്ളിയാഴ്ച രാത്രി കഴിയുന്നത്ര വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അധികൃതര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചതിനുശേഷം ഏകദേശം 3,000 വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും ഇത് മറ്റൊരു 9/11 ആക്രമണമല്ലെന്നും സംശയിക്കപ്പെടുന്ന സൈബര്‍ ആക്രമണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തകരാറിന് കാരണമെന്ത്?

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങളെ ബാധിച്ച ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് ഗ്രൗണ്ട് സ്റ്റോപ്പിന് കാരണമെന്നാണ് എഫ്.എ.എയുടെ വിശദീകരണം. സ്വിച്ചുകളിലും റൂട്ടറുകളിലും ഡാറ്റ അമിതമായി നിറഞ്ഞതാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങളോ റഡാര്‍ ശേഷിയോ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പഴകിയ വ്യോമഗതാഗത അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് നേരത്തേ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയിലെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവായ ടോണി സ്റ്റാന്റണ്‍ ഇക്കാര്യം അല്‍ ജസീറയോട് വിശദീകരിച്ചിട്ടുമുണ്ട്.

സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച യു.എസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് റിപ്പോര്‍ട്ട് വ്യോമയാന അടിസ്ഥാനസൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1960-കള്‍ മുതല്‍ ഉപയോഗത്തിലുള്ള ചെമ്പ് കേബിളുകള്‍ കാലഹരണപ്പെട്ടതാണെന്നും സംവിധാനങ്ങള്‍ നവീകരിക്കുന്നതിലെ കാലതാമസം കൂടുതല്‍ തടസ്സങ്ങള്‍ക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എഫ്.എ.എ സാങ്കേതിക മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ അവ ശരിയായി ആസൂത്രണം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനിടെ പലപ്പോഴും ഒന്നിലധികം മാറ്റങ്ങള്‍ ഒരേസമയം സംഭവിക്കുകയും ഇത് സംവിധാനങ്ങള്‍ക്ക് അമിതഭാരം സൃഷ്ടിക്കുകയും ചെയ്യും.

പുതിയ സാങ്കേതികവിദ്യ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനിടെ പഴയ സംവിധാനങ്ങള്‍ക്ക് അമിതഭാരം അനുഭവപ്പെട്ടതായും ആശയവിനിമയത്തിലും റഡാര്‍ സംവിധാനങ്ങളിലും ഇടയ്ക്കിടെ തടസ്സങ്ങളുണ്ടായതായും വെള്ളിയാഴ്ച അധികൃതരും സമ്മതിച്ചു.

എത്ര വിമാനങ്ങളെ ബാധിച്ചു?

വിമാന സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്കുശേഷവും 1.5 ദശലക്ഷത്തിലധികം യാത്രക്കാരുമായി ഏകദേശം 11,000 വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു.

വൈകുന്നേരം 7.05-ഓടെ കുറഞ്ഞത് 827 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ 670 വിമാനങ്ങള്‍ പുറപ്പെടേണ്ടിയിരുന്ന വിമാനത്താവളങ്ങളിലേക്ക് തിരിച്ചെത്തി. 157 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഫ്‌ലൈറ്റ് റാഡാര്‍ 24-ന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച 4,700-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 10,000 വിമാനങ്ങള്‍ വൈകുകയും ചെയ്തു. ശനിയാഴ്ചത്തേക്കുള്ള 700 വിമാനങ്ങളും ഇതിനകം റദ്ദാക്കിയിരുന്നു.

പ്രതിസന്ധി യാത്രക്കാരെ എത്രത്തോളം ബാധിച്ചുവെന്ന് വിമാനത്താവളങ്ങളിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നു. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യവേ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ജോണ്‍ ഹെന്‍ഡ്രെന്‍ ന്യൂസിലന്‍ഡില്‍നിന്ന് ചിക്കാഗോയിലെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ നിക്കോളാസ് എര്‍ദോഡിയുമായി സംസാരിച്ചു.

16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്ര ചെയ്തശേഷം ആറുമണിക്കൂറിലധികം വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടിവന്നതായി എര്‍ദോഡി പറഞ്ഞു. യാത്രക്കാര്‍ക്ക് വിമാനം വിടേണ്ടിവന്നതായും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വിമാനത്താവളത്തില്‍ ആരെയും ബന്ധപ്പെടാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടായെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ ലഭിക്കാത്തതാണ് തന്നെ ഏറ്റവും കൂടുതല്‍ അലട്ടുന്നതെന്ന് എര്‍ദോഡി വ്യക്തമാക്കി. രാത്രിയില്‍ താമസിക്കാന്‍ ഹോട്ടല്‍ കണ്ടെത്തേണ്ടിവരുന്നതും അതിന്റെ ചെലവും ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്ത വിമാനം പുറപ്പെടുമോ എന്ന കാര്യത്തിലും ഉറപ്പില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെങ്കില്‍ അക്കാര്യം തുറന്നുപറയുകയെങ്കിലും വേണമെന്നും യാത്രക്കാരെ വിവരങ്ങള്‍ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഗ്രൗണ്ട് സ്റ്റോപ്പ്?

വിമാനങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍ എഫ്.എ.എ ഏര്‍പ്പെടുത്തുന്ന താത്ക്കാലിക നിയന്ത്രണമാണ് ഗ്രൗണ്ട് സ്റ്റോപ്പ്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ പറന്നുയരാന്‍ അനുമതി ലഭിക്കുന്നതുവരെ നിലത്തുതന്നെ തുടരേണ്ടിവരും.

എന്നാല്‍ ഇതിനകം ആകാശത്തുള്ള വിമാനങ്ങള്‍ക്ക് സാധാരണയായി ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ അനുമതിയുണ്ടാകും. പുതിയ വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ അധികൃതര്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സമയത്ത് വ്യോമാതിര്‍ത്തിയില്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നത് ഒഴിവാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം രാജ്യവ്യാപകമായി വിമാനങ്ങളുടെ പുറപ്പെടല്‍ തടഞ്ഞ രണ്ടാമത്തെ ഗ്രൗണ്ട് സ്റ്റോപ്പാണിത്. 2023-ലെ എഫ്.എ.എ സിസ്റ്റം തകരാറിനുശേഷമുള്ള മൂന്നാമത്തെ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പുമാണിത്.

ഏറ്റവും കൂടുതല്‍ ബാധിച്ചത് എവിടെയാണ്?

രാജ്യത്തെ എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലാണ് തകരാറുകള്‍ പ്രധാനമായും കേന്ദ്രീകരിച്ചതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധനും AirSafe.com ചീഫ് എക്‌സിക്യൂട്ടീവുമായ ടോഡ് കര്‍ട്ടിസ് അല്‍ ജസീറയോട് പറഞ്ഞു.

അമേരിക്കയിലാകെ 21 എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളുണ്ട്. ഇതില്‍ ഒന്ന് അലാസ്‌കയിലും മറ്റ് 20 എണ്ണം രാജ്യത്തെ താഴ്ന്ന 48 സംസ്ഥാനങ്ങളിലുമായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരിടത്തേക്കുള്ള വിമാനങ്ങളുടെ യാത്ര നിയന്ത്രിക്കുന്നത് ഈ കേന്ദ്രങ്ങളാണ്. ഇതിന് വിവിധ കണ്‍ട്രോളര്‍മാര്‍ തമ്മിലുള്ള ഏകോപനവും കൈമാറ്റവും ആവശ്യമാണ്.

ബാക്കപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സൗത്ത് പസഫിക് സര്‍വകലാശാലയിലെ അന്താരാഷ്ട്ര വ്യോമയാന നിയമ പ്രൊഫസറായ റോണ്‍ ബാര്‍ട്ട്ഷ് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

വ്യോമയാന മേഖല ജീവനക്കാരുടെ ലഭ്യതക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ബദല്‍ സംവിധാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാകാതിരുന്നത് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യവ്യാപകമായ ഗ്രൗണ്ട് സ്റ്റോപ്പിന് പിന്നില്‍ സൈബര്‍ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങള്‍ ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും മുള്ളിന്‍ ആവര്‍ത്തിച്ചു. പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്ന സാഹചര്യത്തില്‍ രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം നവീകരിക്കാന്‍ 50 ബില്യണ്‍ ഡോളര്‍ വേണമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ആവശ്യപ്പെട്ടു.

വിമാന സര്‍വീസുകള്‍ എപ്പോള്‍ സാധാരണ നിലയിലാകും?

ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും യാത്രക്കാര്‍ നേരിട്ട പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല. റദ്ദാക്കിയ വിമാനങ്ങള്‍ പുനഃക്രമീകരിക്കുകയും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന് സമയമെടുക്കും.

‘താങ്ക്സ് ഗിവിങ് അവധിക്കാലത്തെ യാത്രാത്തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡഫി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന താങ്ക്സ് ഗിവിങ് അവധിക്കാലം അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനയാത്രാ സമയങ്ങളിലൊന്നാണ്.’

അതേസമയം സാങ്കേതിക പ്രശ്‌നം പരിഹരിച്ചാലും വിമാന സര്‍വീസുകളിലെ തടസ്സം തുടരുമെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധനായ കര്‍ട്ടിസ് മുന്നറിയിപ്പ് നല്‍കി. സര്‍വീസുകള്‍ പൂര്‍ണമായി പുനഃക്രമീകരിച്ച് സാധാരണ നിലയിലാകാന്‍ ഒരു ദിവസത്തിലധികം വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

പല വിമാനക്കമ്പനികളും പരസ്പരം ബന്ധിപ്പിച്ചുള്ള സര്‍വീസ് ശൃംഖലകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതിനാല്‍ പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവരാറുണ്ട്. വിമാനങ്ങളും ജീവനക്കാരും യാത്രക്കാരും പല സ്ഥലങ്ങളിലായി കുടുങ്ങിയാല്‍ ഈ ശൃംഖല വീണ്ടും ക്രമീകരിക്കുന്നത് വലിയ വെല്ലുവിളിയാകും.

വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും തുടര്‍ന്നേക്കാമെന്നതിനാല്‍ യാത്രക്കാര്‍ വിമാനങ്ങളുടെ നിലവിലെ സ്ഥിതി നേരിട്ട് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമാനമായ പ്രതിസന്ധി വീണ്ടും ഉണ്ടാകുമോ?

അമേരിക്കയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ ഭാവിയിലും സമാനമായ തടസങ്ങള്‍ക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പഴയ സ്വിച്ചുകളും റൂട്ടറുകളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ഗതാഗത സെക്രട്ടറി ഡഫി തന്നെ സമ്മതിച്ചു.

1980-കളിലെ ചെറിയ ചെമ്പ് ലൈനുകളെ ആശ്രയിച്ചാണ് പല സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കാലപ്പഴക്കം ചെന്ന ഈ അടിസ്ഥാനസൗകര്യങ്ങള്‍ അമിതഭാരം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ തന്നെ ഈ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഇത്തരമൊരു തകരാര്‍ സംഭവിച്ചത് എന്തുകൊണ്ടാണെന്നാണ് ടോണി സ്റ്റാന്റണ്‍ ചോദിക്കുന്നത്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമായിരുന്നിട്ടും അവ തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ ഇത്തരം സാങ്കേതിക തകരാറുകള്‍ വ്യോമഗതാഗതത്തെ വീണ്ടും ബാധിക്കാതിരിക്കാന്‍ എഫ്.എ.എ കൂടുതല്‍ മെച്ചപ്പെട്ട അടിയന്തര ബദല്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും സ്റ്റാന്റണ്‍ കൂട്ടിച്ചേര്‍ത്തു. തടസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും അവയുടെ ആഘാതം പരമാവധി കുറയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അമേരിക്കയുടെ വ്യോമഗതാഗത സംവിധാനത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ഈ സംഭവം ഒരു താത്ക്കാലിക സാങ്കേതിക തകരാര്‍ മാത്രമായി കാണാനാകില്ല. കാലപ്പഴക്കം ചെന്ന അടിസ്ഥാനസൗകര്യങ്ങളും നവീകരണത്തിലെ കാലതാമസവും ബദല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഒരുപോലെ ചര്‍ച്ചയാകേണ്ടതുണ്ട്. ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചെങ്കിലും അമേരിക്കന്‍ വ്യോമഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

Content Highlight: Second Ground Stop Since 9/11: Is America’s Airspace Safe?

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more