ലോകയിലെ ട്രെന്‍ഡിങ്ങ് ആയി മാറിയ ഗാനമായിരുന്നു സെബ ടോമി ആലപിച്ച ക്വീന്‍ ഓഫ് ദി നൈറ്റ്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഇംഗ്ലിഷ് ഗാനത്തിന്റെ വരികള്‍ എഴുതിയതും സെബ തന്നെയാണ്. ഇപ്പോഴിതാ തനിക്ക് സംഗീതത്തോടുള്ള കമ്പത്തെ കുറിച്ചും ലോകഃ സിനിമയിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്ന ഗാനത്തെ കുറിച്ചും സംസാരിക്കുകയാണ് സെബ ടോമി. തനിക്ക് ചെറുപ്പം മുതലേ എഴുതാന്‍ ഇഷ്ടമാണെന്ന് അവര്‍ പറയുന്നു.
‘പുസ്തകങ്ങള്‍ വായിക്കുന്ന ശീലമുണ്ടായിരുന്നു. അതോടൊപ്പം എന്തെങ്കിലും എഴുതിവെക്കുക പതിവാണ്. പക്ഷേ, ഒരു മുഴുനീള ഗാനമെഴുതാനുള്ള ആത്മവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് പാട്ടുകള്‍ എഴുതി കമ്പോസ് ചെയ്തു.
ആദ്യത്തെ ഗാനം ലിറ്റില്‍ വൈറ്റ് ഡോര്‍ ആണ്. അതൊന്നും സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല. ലോകയിലെ പാട്ട് എഴുതുന്നത് ജേക്‌സ് ചേട്ടന്റെ (ജേക്‌സ് ബിജോയ്) നിര്‍ദേശപ്രകാരമാണ്. അതിനുമുമ്പ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയിലെ നിയോണ്‍ റൈഡ് എന്ന പാട്ടിന്റെ രചനയില്‍ ഞാനും ഉണ്ടായിരുന്നു,’ സെബ ടോമി പറഞ്ഞു.
താന്‍ എഴുതുന്ന ആളാണെന്ന് ജേക്‌സ് ബിജോയ്ക്ക് അറിയാമെന്നും ‘ഇംഗ്ലീഷ് പാട്ടുണ്ട്, ഒന്ന് എഴുതാന്‍ ശ്രമിക്കുന്നോ’ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നുവെന്നും സെബ പറയുന്നു. പിന്നെ കഥയെയും കഥാപാത്രത്തെപ്പറ്റിയും വിശദമായി പറഞ്ഞുതന്നുവെന്നും എഴുതിക്കൊടുത്തപ്പോള്‍ അദ്ദേഹം ഏറെക്കുറെ തൃപ്തനായിരുന്നുവെന്നും സെബ കൂട്ടിച്ചേര്‍ത്തു എങ്കിലും ചില ഭാഗങ്ങളിലെ വാക്കുകള്‍ മാറ്റിനല്‍കേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിക്കവേ സെബ എന്ന പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ‘അം അഃ’ എന്ന ചിത്രത്തിലെ ആരോരും എന്ന ഗാനത്തിലൂടെയാണ് അവര്‍ സ്വന്തമാക്കിയത്.
അതേസമയം ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി നായികയായെത്തി തിയേറ്ററില്‍ മഹാവിജയമായി തീര്‍ന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ആഗോളതലത്തില്‍ 300 കോടി സ്വന്തമാക്കിയ ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചാവിഷയമായി.
Content Highlight: Seba Tomi talks about the song Queen of the Night from the movie Lokah