| Wednesday, 19th December 2012, 3:08 pm

കടല്‍ക്കൊല: നാവികര്‍ ഇറ്റലിയില്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കടലിലെ കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ രാജ്യം വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരു രാജ്യങ്ങളുടെയും സൗഹൃദം പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.[]

കടല്‍ക്കൊല കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

അതേസമയം, നാവികര്‍ ഇറ്റലിയിലേക്ക് പോയാല്‍ തിരിച്ചുവരുമെന്നതില്‍ ഉറപ്പില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വിചാരണ വേളയില്‍ പ്രതികളുടെ സാന്നിദ്ധ്യം കേസില്‍ അത്യന്താപേക്ഷിതമാണ്. നാവികരെ നാട്ടില്‍ പോകാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. രണ്ടാഴ്ച്ചക്കകം തിരികെയെത്തിക്കാമെന്നാണ് ഇറ്റലി അറിയിച്ചിരിക്കുന്നത്. കേസില്‍ കോടതി നാളെ വിധി പറയും.

ക്രിസ്തുമസിന് നാവികര്‍ നാട്ടിലെത്തേണ്ടത് അത്യാവശ്യമാണെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ജിയാം പൗളോ ഡി പൗളോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാവികര്‍ക്ക് ക്രിസ്തുമസ് ആശംസിക്കാനാണ് നാട്ടിലെത്തിയതെന്ന് ജിയാം പറഞ്ഞിരുന്നു.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്തു നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തു.

ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more