| Sunday, 14th December 2025, 3:18 pm

ഒറ്റയ്ക്ക് മത്സരിച്ച് 102 സീറ്റ് നേടി എസ്.ഡി.പി.ഐ; യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേടിയത് 75 സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടി എസ്.ഡി.പി.ഐ. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും എസ്.ഡി.പി.ഐ സാന്നിധ്യമറിയിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ സീറ്റ് നിലനിര്‍ത്തിയ എസ്.ഡി.പി.ഐ കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് പുതുതായി സാന്നിധ്യമറിയിച്ചത്. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എസ്.ഡി.പി.ഐ. ജയം സ്വന്തമാക്കിയത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ 44ാം വാര്‍ഡായ അറക്കലിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ. സമീറ തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്‌ലിം ലീഗിലെ കെ.എം. സാബിറ ടീച്ചറെ 54 വോട്ടിന് തോല്‍പിച്ചാണ് കെ. സമീറയുടെ വിജയം. നിലവില്‍ ആയിക്കര വാര്‍ഡിലെ കൗണ്‍സിലറാണ് സാബിറ ടീച്ചര്‍. മേയറാകാന്‍ സാധ്യത ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു സാബിറ ടീച്ചര്‍.

ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 1340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.ഡി.പി.ഐയുടെ നവാസ് നൈന വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ ഹരിദാസ് കെ.എസ്സാണ് 2370 വോട്ടുകളോടെ രണ്ടാമതെത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ മുനിസിപ്പാലിറ്റികളില്‍ എട്ടിടത്തും എസ്.ഡി.പി.ഐക്ക് വിജയിക്കാന്‍ സാധിച്ചു.

അതേസമയം, യു.ഡി.എഫ് പിന്തുണയോടെ 75 ജനപ്രതിനിധികളെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ സാധിച്ചത്. മലബാര്‍ മേഖലയില്‍ എസ്.ഡി.പി.ഐ കിതച്ചപ്പോഴും തങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതായി സ്വന്തം പത്രം അവകാശപ്പെട്ടു.

മലപ്പുറത്ത് മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 16 നഗരസഭാ സീറ്റുകളില്‍ യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു.

56 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. ചിലയിടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ചും വെല്‍ഫെയര്‍ പാര്‍ട്ടി വിജയം നേടി.

Content Highlight: SDPI and Welfare Party’s performance in 2025 Local Body Election

We use cookies to give you the best possible experience. Learn more