| Friday, 10th July 2026, 8:36 am

ട്രാഫിക് 25-30 ദിവസം തിയേറ്ററിൽ ഓടിയാൽ നല്ലത് എന്ന രീതിയിൽ റിലീസ് ചെയ്ത ചിത്രമാണ്: തിരക്കഥാകൃത്ത് സഞ്ജയ്

നന്ദന. ടി

മലയാള സിനിമയിൽ ന്യൂ ജനറേഷൻ തരംഗത്തിന് തുടക്കമിട്ട ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബോബി-സഞ്ജയ് കൂട്ടുകെട്ടായിരുന്നു. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള സിനിമയിലെ ഏറ്റവും മികച്ച ‘ട്രെൻഡ് സെറ്റർ’ ആയി ട്രാഫിക് ഇന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ ട്രാഫിക്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ്.

ട്രാഫിക്Jiohotstar

‘ട്രാഫിക് എന്ന് പറയുന്ന സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. സിനിമ ചെയ്ത് ഒരു ഇരുപത്തഞ്ചോ മുപ്പതോ ദിവസം തിയേറ്ററിൽ നന്നായി ഓടിയാൽ കൊള്ളാം എന്ന് വിചാരിച്ച് റിലീസ് ചെയ്ത പടമായിരുന്നു അത്. ഞങ്ങൾ ചെയ്‌തത്‌ എന്തോ വലിയ സംഭവം ആണെന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീട് ആളുകളാണ് ഇതൊരു ട്രെൻഡ് സെറ്റർ ആണെന്നൊക്കെ പറഞ്ഞത്.

ട്രാഫിക് അല്ലായിരുന്നെങ്കിൽ ആ സമയത്ത് വേറെയൊരു ട്രെൻഡ് സെറ്റർ വരുമായിരുന്നു. കാരണം, സിനിമയിൽ അങ്ങനെയൊരു മാറ്റം വരാൻ പാകത്തിലുള്ള ഒരു കാലഘട്ടമായിരുന്നു അത്. ആ വർഷം തന്നെ ഒരുപാട് നല്ല പടങ്ങൾ വന്നിട്ടുണ്ടായിരുന്നു. ട്രാഫിക് ജനുവരി ഏഴിനാണ് റിലീസ് ആകുന്നത്. അപ്പോൾ ആദ്യം വരാനുള്ള ഒരു ഭാഗ്യം ഞങ്ങൾക്ക് കിട്ടി എന്ന് പറയാം. പക്ഷേ ട്രാഫിക് ചെയ്യുന്ന സമയത്ത് ഇതൊരു ചരിത്രമാകും എന്ന യാതൊരു തോന്നലും ഉണ്ടായിരുന്നില്ല.

സിനിമയിൽ ജോസ് പ്രകാശ് സാർ പറയുന്ന ഡയലോഗ് ഉണ്ടല്ലോ, ‘നിങ്ങൾ ഇന്ന് പറയുന്നത് ഒരു യെസ്, നാളെ ഒരുപാട് പേർക്ക് യെസ് പറയാനുള്ള പ്രചോദനമാകും’ എന്നത്. അല്ലെങ്കിൽ ‘സ്പീഡ് പേടിയുണ്ടോ’ എന്ന് ചോദിക്കുമ്പോഴുള്ള ആസിഫ് അലിയുടെ റിയാക്ഷൻ ഒക്കെ ആയാലും, ഇന്നും തലമുറകൾക്ക് അപ്പുറം നമ്മൾ വിചാരിക്കാത്ത സന്ദർഭങ്ങളിൽ ആളുകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. കാരണം, ഞങ്ങൾ തിരക്കഥ എഴുതുമ്പോൾ ഇത്തരത്തിലുള്ള ആഘോഷിക്കപ്പെടലുകൾ ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു’, സഞ്ജയ് പറഞ്ഞു.

ട്രാഫിക്.photo.malayalam Troll Meme

Content Highlight: Script Writer Sanjay talks about taffic movie as an trendsetter
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more