| Monday, 23rd November 2026, 9:07 pm

മമ്മൂക്കയുടെ മേള ഏപ്രിലില്‍ തന്നെ; സൂചന നല്‍കി തിരക്കഥാകൃത്ത്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിന്റെ എല്ലാമെല്ലാമാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

ഓ.എം. Photo: X.com

എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. തിയേറ്ററുകളില്‍ മമ്മൂട്ടി എന്ന താരത്തെ ആഘോഷിക്കാന്‍ കിട്ടുന്ന ഒരു പക്കാ ചിത്രം എന്നുവരുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ അപ്ഡേറ്റ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം ഓ.എമ്മിലെ ഗാനത്തില്‍ മമ്മൂട്ടി നൃത്തം വെച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ പൂരപ്പറമ്പായിരുന്നു. ഇതോടെ താരത്തിന്റെ മേളയ്ക്കായി വമ്പന്‍ ഹൈപ്പാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയെ വലിയ ഒരിടവേളയ്ക്ക് ശേഷം ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയില്‍ കാണാമെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രം എന്നായിരിക്കും റിലീസ് ചെയ്യുക എന്നതിനെ കുറിച്ചുള്ള ഒരു സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ അനുരാജ് ഒ.ബി. അനുരാജ് പ്രധാനവേഷത്തിലെത്തുന്ന കോസ്മിക് സാംസണ്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്.

മേള. Photo: X.com

മേള ഒരു മാസ് ആക്ഷന്‍ ചിത്രമാണെന്നും അത് നല്ലൊരു ചിത്രമായിരിക്കും എന്നതാണ് ഇപ്പോള്‍ തനിക്ക് പറയാനുള്ളതെന്നും അനുരാജ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ട് ഉടനെ പൂര്‍ത്തിയാകുമെന്നും അടുത്ത വര്‍ഷം ഏപ്രിലോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Script writer of mammooty Movie Mela gives update on the film

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more