| Thursday, 10th September 2026, 8:03 pm

പ്രേമലു 2 ഡ്രോപ്പായപ്പോള്‍ സ്വാഭാവികമായും വിഷമം തോന്നിയിരുന്നു; അനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് കിരണ്‍ ജോസി

അശ്വിന്‍ രാജേന്ദ്രന്‍

മോളിവുഡില്‍ നിന്നും ഇന്നേവരെ റിലീസായ റോം-കോം ചിത്രങ്ങളില്‍ ടോപ് ടെന്‍ ലിസ്റ്റില്‍ എപ്പോഴും സ്ഥാനമുള്ള ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് നസ്ലെന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 140 കോടിയോളം നേടി വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതേ ടീമില്‍ നിന്നും ഇപ്പോള്‍ പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രവും റെക്കോഡ് കളക്ഷനുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

പ്രേമലു. Photo: X.com

ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടയിലും വലിയ രീതിയില്‍ സിനിമാലോകത്ത് ചര്‍ച്ചയായ വിഷയമായിരുന്നു പ്രേമലുവിന്റെ രണ്ടാം ഭാഗം. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ചിത്രം നടക്കില്ലെന്ന പ്രഖ്യാപനം പിന്നാലെയെത്തിയത്. നസ്‌ലെന് ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതും താരം അഞ്ച് കോടിയോളം പ്രതിഫലം ചോദിച്ചതുമാണ് പ്രേമലു 2 നടക്കാതെ പോകാന്‍ കാരണമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ നസ്‌ലെനെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ സംവിധായകന്‍ ഗിരീഷ് എ.ഡി പറഞ്ഞ വാക്കുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ചിത്രം നടക്കില്ലെന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമമായെന്ന് പറഞ്ഞ തിരക്കഥാകൃത്ത് കിരണ്‍ ജോസിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രേമലുവിന്റെ തിരക്കഥാകൃത്തായ കിരണ്‍ ജോസി തന്നെയാണ് പ്രേമലുവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലു 2വിന് വേണ്ടി ഒരു വര്‍ഷത്തോളം സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Photo: X.com

‘പ്രേമലു 2 ഡ്രോപ്പായപ്പോള്‍ നമുക്ക് സ്വാഭാവികമായും വിഷമം തോന്നിയിരുന്നു. കാരണം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്ത സ്‌ക്രിപ്റ്റായിരുന്നു അത്. ഒരു സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഇമോഷണലി ഇന്‍വെസ്റ്റ് ചെയ്യുന്നതിനൊപ്പം നമ്മുടെ ടൈമും അതില്‍ കൊടുക്കുമല്ലോ. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പക്ഷേ പെട്ടെന്ന് തന്നെ അടുത്ത ഒരു പ്രൊജക്ടിലേക്ക് മൂവ് ചെയ്യാനുള്ള സ്‌ട്രെങ്ത് നമുക്ക് കിട്ടി. അടുത്ത് പ്രൊജക്ട് പെട്ടെന്ന് ചെയ്യണം എന്ന ബോധത്തില്‍, പെട്ടെന്ന് തന്നെ അതില്‍ നിന്നും മൂവ് ഓണ്‍ ചെയ്തു. സ്വാഭാവികമായിട്ടും വിഷമം തോന്നുന്നതാണെങ്കിലും അതിന്റെ പിറകെ പോകേണ്ടതില്ല എന്നാണ് തോന്നുന്നത്,’ കിരണ്‍ പറഞ്ഞു.

Content Highlight: Script Writer Kiran Josi talks about Premalu 2 Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more