| Monday, 13th July 2026, 6:13 pm

ജോജുവിന്റെ പടത്തില്‍ അടി വേണം, ഈ ചിത്രത്തില്‍ ഒന്നല്ല ആറ് ഫൈറ്റ് സീനാണ് ഉള്ളത്: എ.കെ സാജന്‍

അശ്വിന്‍ രാജേന്ദ്രന്‍

കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ജോജു ജോര്‍ജ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തെണ്ണൂറുകളിലും രണ്ടായിരങ്ങളിലും എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായ ജോജു ശ്രദ്ധിക്കപ്പെടുന്നത് 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെയാണ്. ജോജുവിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ജോസഫ്.

എന്നാല്‍ ഒരു ആക്ഷന്‍ സ്റ്റാറെന്ന നിലയില്‍ താരത്തിന് മികച്ച തുടക്കം നല്‍കിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ്. വലിയ വിജയമായി മാറിയ ചിത്രത്തിന് പിന്നാലെ ഒട്ടനവധി നായകവേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇത്തരത്തില്‍ ജോജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജൂലൈ 16ന് പുറത്തിറങ്ങാനിരിക്കുന്ന വരവ്. മലയാളത്തില്‍ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പേര് കേട്ട ഷാജി കൈലാസിനൊപ്പം ജോജു ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

വരവ്. Photo: X.com

ധ്രുവം, കാശ്മീരം, ക്രൈം ഫയല്‍, ചിന്താമണി കൊലക്കേസ്, തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ സാജനാണ് വരവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടെ ചിത്രത്തെ കുറിച്ച് സാജന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞങ്ങളെ ഇവിടെ കൊണ്ടുവന്നിറക്കിയ ഡ്രൈവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു ജോജു ചിത്രമെന്ന് പറഞ്ഞാല്‍ അടിയായിരിക്കും, ആ അടിയുണ്ടെങ്കില്‍ ഞങ്ങള്‍ ഹാപ്പിയാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരടിയല്ല ആറ് അടിയാണ് ഈ പടത്തില്‍ ഉള്ളത്. കൂട്ട അടിയാണ്. പിന്നെ ഷാജിയ്ക്ക് വേണ്ടി കഥയെഴുതുന്ന എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയുണ്ട്.

വരവ്. Photo: RFT Films

എന്താണെന്ന് വെച്ചാല്‍ കടല് പോലെ ഇരമ്പുന്ന ഒരു സംവിധായകനാണ് ഷാജി. ഷാജിയ്ക്കും ജോഷി സാറിനും വേണ്ടി കഥയെഴുതുമ്പോള്‍ എന്നെ പോലെയുള്ള എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഇത് എഴുതി എങ്ങനെ വലുതാക്കും എന്നത്. ജോജുവിന്റെ ഒരു ഡേറ്റുണ്ട് നമുക്ക് ഒരു സിനിമ ചെയ്യാന്‍ ഒരു കഥ വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വെച്ച ഒരു കണ്ടീഷന്‍ ധ്രുവം പോലെ ഇരിക്കണമെന്നാണ്. ഈ കാലത്ത് ധ്രുവം പോലെ ഒരു സിനിമ എന്ന് പറഞ്ഞാല്‍ ചിന്തിക്കാന്‍ പോലും പറ്റില്ല. അതിന്റെ ആശയമെടുത്ത് ഒരു സിനിമയുണ്ടാക്കാം എന്നാണ് ഞാന്‍ പറഞ്ഞത്,’ സാജന്‍ ചടങ്ങില്‍ പറഞ്ഞു.

Content Highlight: Script Writer AK Sajan talks about new movie Varavu starring Joju George

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more