| Wednesday, 17th December 2025, 5:51 pm

തിരക്കഥ മോഷ്ടിച്ചെന്ന കേസ്; മേജര്‍ രവിയെ വെട്ടിലാക്കി 'കര്‍മ്മയോദ്ധ' ; തിരക്കഥ റെജി മാത്യുവിന്റെതെന്ന് കോടതി

നിഷാന. വി.വി

തിരുവനന്തപുരം: 2012 ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മോഷ്ടിച്ചെന്ന കേസില്‍ മേജര്‍ രവിക്ക് തിരിച്ചടി.   കര്‍മ്മ യോദ്ധ സിനിമയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന്‌  കോട്ടയം കൊമേഷ്യല്‍ കോടതി കണ്ടെത്തി.  പുതുപ്പളളി സ്വദേശിയും തിരക്കഥാക്കൃത്തുമായ റെജി മാത്യുവിന്റെ പരാതിയിലാണ് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.  13 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് റെജി മാത്യൂവിന് നീതി കിട്ടിയിരിക്കുന്നത്.

സിനിമയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് വിധിയില്‍ പറയുന്നു. തിരക്കഥ റെജി മാത്യുവിന്റെത് തന്നെയെന്ന്് കോടതി വ്യക്തമാക്കി.  മേജര്‍ രവി തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.  പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇത്തരത്തിലൊരു പ്ലോട്ട് വേണമെന്ന് പറഞ്ഞ് മേജര്‍ രവി തന്നെ സമീപിച്ചതുപ്രകാരം കഥ നല്‍കുകയായിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹം സ്വന്തം പേരില്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും റെജി മാത്യു പറഞ്ഞു.

സിനിമാ റിലീസിന് ഒരുമാസം മുമ്പായിരുന്നു തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് റെജി മാത്യു കോടതിയെ സമീപിച്ചത്.

എന്നാല്‍ കഥ,തിരക്കഥ,സംഭാഷണം, എന്നിവയില്‍ തര്‍ക്കമുണ്ടെന്ന് രേഖപ്പെടുത്തി അഞ്ച് ലക്ഷം രൂപ കെട്ടിവെച്ച് റിലീസ് ചെയ്യാന്‍ ആയിരുന്നു കോടതി നിര്‍ദേശം.

ഇതൊക്കെ കാറ്റില്‍ പറത്തി തിരക്കഥാകൃത്തുകളുടെ സ്ഥാനത്ത് ഷാജി,സുമേഷ് എന്നീ പേരുകള്‍ വെച്ചായിരുന്നു റിലീസ്.

ഇത് ചൂണ്ടി കാട്ടി കോടതി വിധി ലംഘിച്ചുവെന്നാരോപിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും തിരക്കഥയും സംഭാഷണവും തന്റെതാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടും റെജി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കഥ തന്റെതാണെന്നും പലരോടും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ റെജിയോടും തിരക്കഥയെ കുറിച്ച് ചര്‍ച്ചചെയ്തിരുന്നുവെന്നായിരുന്നു വിഷയത്തില്‍ മേജര്‍ രവിയുടെ വാദം.

കേസില്‍ മേജര്‍ രവി ഒന്നാം പ്രതിയാണ്. കുടാതെ നിര്‍മാതാവ് ഹനീഫ് മുഹമ്മദ്്, ഷാജി എസ്.വി , സുമേഷ് എന്നിവരും പ്രതികളായിരുന്നു.

Content Highlight : Script theft case; ‘Karmayoddha’ cuts Major Ravi; Court says script belongs to Reji Mathew

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more