| Friday, 18th September 2026, 8:53 am

ഐ.ഐ.ടിഹൈദരാബാദില്‍ ഉമര്‍ ഖാലിദ് ഡോക്യുമെന്ററി പ്രദര്‍ശനം: വിലക്കുമായി സെന്‍സര്‍ ബോര്‍ഡ്

നിഷാന. വി.വി

ന്യൂദല്‍ഹി: തടവിലാക്കപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഐ.ഐ.ടി ഹൈദരാബാദില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ( സി.ബി.എഫ്.സി)

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ സിനിമകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമാറ്റോഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചലച്ചിത്രപ്രവര്‍ത്തകന്‍ ലളിത് വാചാനി സംവിധാനം ചെയ്ത ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ് എന്ന ഡോക്യുമെന്ററിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെ.ആര്‍.ബി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

‘പ്രത്യേക ഇളവുകളോ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്,’ (സി.ബി.എഫ്.സി ) തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കി. ഐ.ഐ.ടി ഹൈദരാബാദ് അധികൃതരെ ടാഗ് ചെയ്ത ബോര്‍ഡ് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലും ഈ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം എ.ബി.വി.പിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദിലും സമാനമായ സംഭവം അരങ്ങേറുന്നത്.

2020 സെപ്റ്റംബറില്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് മുന്‍ ജെ.എന്‍.യു ഗവേഷകനായ ഉമര്‍ ഖാലിദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ട അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി വിചാരണ കൂടാതെ ജയിലില്‍ തുടരുകയാണ്.

Content Highlight: Screening of Umar Khalid documentary at IIT Hyderabad: Censor Board imposes ban.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more