2026 ടി-20 ലോകകപ്പില്‍ അരങ്ങേറ്റക്കാരായ ഇറ്റലിയെ സ്‌കോട്‌ലാന്‍ഡ് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനാണ് ടീമിന്റെ വിജയം.
സ്‌കോട്ടിഷ് ആര്‍മി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇറ്റലി 134 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 2026 ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാന്‍ സ്‌കോട്ടിഷ് ടീമിന് സാധിച്ചു.
ഓപ്പണര്‍ ജോര്‍ജ് മന്‍സിയുടെ ബാറ്റിങ്ങില്‍ കരുത്തിലായിരുന്നു ടീമിന്റെ വിജയം. താരം മത്സരത്തില്‍ 54 പന്തില്‍ 84 റണ്‍സ് സ്‌കോര്‍ ചെയ്തു. രണ്ട് സിക്‌സുകളും 13 ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.
ജോര്‍ജ് മന്‍സി. Photo: Johns/x.com
ഇതോടെ മന്‍സി ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിച്ചു. ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ അടിച്ച രണ്ടാമത്തെ താരം എന്ന നേട്ടമാണ് സ്‌കോട്ടിഷ് ഓപ്പണര്‍ സ്വന്തം പേരില്‍ കുറിച്ചത്. ന്യൂസിലാന്‍ഡ് താരം ആരോണ്‍ റെഡ്മണ്ടിനൊപ്പമാണ് മന്‍സി ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
(താരം – ടീം – എതിരാളി – വര്‍ഷം – എണ്ണം എന്നീ ക്രമത്തില്‍)
ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 2007 – 14
ജോര്‍ജ് മന്‍സി – സ്‌കോട്‌ലാന്‍ഡ് – ഇറ്റലി – 2026 – 13
ആരോണ്‍ റെഡ്മണ്ട് – ന്യൂസിലാന്‍ഡ് – അയര്‍ലാന്‍ഡ് – 2009 – 13
ലെന്‍ഡല്‍ സിമ്മണ്‍സ് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 2009 – 12
തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ് – 2009 – 12
മന്‍സിക്ക് പുറമെ, 18 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ മാക്മുള്ളനും 30 പന്തില്‍ 37 റണ്‍സ് നേടിയ മൈക്കല്‍ ജോണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇവരുടെ പ്രകടനത്തില്‍ ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്തു.
ബ്രാന്‍ഡന്‍ മാക്മുള്ളന്‍. Photo: Cricket Scotland/x.com
ഇറ്റലിക്കായി അലി ഹസന്‍, ജെ.ജെ. സ്മട്‌സ്, ഗ്രാന്റ് സ്റ്റുവര്‍ട്ട്, തോമസ് ഡ്രാക്ക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഇറ്റലിക്കായി ബെഞ്ചമിന്‍ മനെന്റ്‌റിയും ഹാരി മനെന്റ്‌റിയും ഭേദപ്പെട്ട പ്രകടനം നടത്തി. ബെഞ്ചമിന്‍ 31 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ഹാരി 25 പന്തില്‍ 37 റണ്‍സും നേടി. സ്‌കോട്ലാന്‍ഡിനായി മൈക്കല്‍ ലീസ്‌ക് നാല് വിക്കറ്റും മാര്‍ക് വാട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. ബ്രാഡ്ലി കറി, ബ്രാഡ് വീല്‍, ഒലിവര്‍ ഡേവിഡ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Scottish player George Munsey became second player to hit most fours in a T20 World Cup match