| Wednesday, 4th September 2024, 8:20 pm

ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത് 154; ഇത്തിരിക്കുഞ്ഞന്‍മാര്‍ അട്ടിമറിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സ്‌കോട്‌ലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ ഡീസന്റ് സ്‌കോര്‍ പടുത്തുയര്‍ത്തി സ്‌കോട്‌ലാന്‍ഡ്. ദി ഗ്രാന്‍ജ് ക്ലബ്ബില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് സ്‌കോട്‌ലാന്‍ഡ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഒലി ഹാരിസിനെ മടക്കി സന്ദര്‍ശകര്‍ ഏര്‍ളി അഡ്വാന്റേജ് നേടിയിരുന്നു. ആറ് പന്തില്‍ ആറ് റണ്‍സ് നേടി നില്‍ക്കവെയാണ് ഹാരിസ് പുറത്തായത്.

എന്നാല്‍ മൂന്നാം നമ്പറിലെത്തിയ ബ്രാന്‍ഡന്‍ മാക്മുള്ളനെ ഒപ്പം കൂട്ടി ജോര്‍ജ് മുന്‍സി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 46 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ടീം സ്‌കോര്‍ 52ല്‍ നില്‍ക്കവെ ജോര്‍ജ് മുന്‍സിയെയും 52ല്‍ നില്‍ക്കവെ മാക്മുള്ളനെയും ആതിഥേയര്‍ക്ക് നഷ്ടമായി. മുന്‍സി 16 പന്തില്‍ 28 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 15 പന്തില്‍ 19 റണ്‍സാണ് മാക്മുള്ളന്‍ സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണും വിക്കറ്റ് കീപ്പര്‍ മാത്യൂ ക്രോസും ചേര്‍ന്ന് വീണ്ടും സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ കൊടുത്തു. ബെറിങ്ടണ്‍ 20 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 27 റണ്‍സാണ് ക്രോസ് സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഓസീസിനായി ഷോണ്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സേവ്യര്‍ ബാര്‍ട് ലെറ്റും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും നേടി. കാമറൂണ്‍ ഗ്രീനും റിലി മെറെഡിത്തുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: Scotland scored 154 against Australia

Latest Stories

We use cookies to give you the best possible experience. Learn more