ന്യൂദല്‍ഹി: ജഡ്ജിമാര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാഹ്യ പരിഗണനകള്‍ ലഭിക്കുന്നതിനായി തുടര്‍ച്ചയായി വിധികള്‍ പുറപ്പെടുവിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇതൊരുതരത്തിലുള്ള ജുഡീഷ്യല്‍ അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് മധ്യപ്രദേശില്‍ നിന്നുള്ള ജില്ലാ ജഡ്ജിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
‘ജഡ്ജിമാര്‍ വിരമിക്കുന്നതിന് മുമ്പ് സിക്‌സറുകള്‍ അടിക്കാന്‍ ശ്രമിക്കുന്നത് ഒരു നിര്‍ഭാഗ്യകരമായ നടപടിയാണ്,’ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ജില്ലാ ജഡ്ജി പുറപ്പെടുവിപ്പിച്ച രണ്ട് ജുഡീഷ്യല്‍ ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍ എന്നാണ് ആരോപണം.
‘വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഹരജിക്കാരന്‍ സിക്‌സറുകള്‍ അടിക്കാന്‍ തുടങ്ങി ഇതൊരു നിര്‍ഭാഗ്യകരമായ പ്രവണതയാണ്. ഞാന്‍ അതിനെ വിശദീകരിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
നവംബര്‍ 30 നായിരുന്നു ജില്ലാ ജഡ്ജ് വിരമിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെ നവംബര്‍ 19 ന് രണ്ട് വിധികളെ തുടര്‍ന്ന് സസ്‌പെന്റെ് ചെയ്തു. പിന്നീട് മധ്യപ്രദേശ് സര്‍ക്കാര്‍ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയതിനെ തുടര്‍ന്ന് നവംബര്‍ 20 ന് അദ്ദേഹത്തിന്റെ വിരമിക്കല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ആ രണ്ട് വിധികള്‍ പുറപ്പെടുവിച്ചപ്പോഴും തന്റെ വിരമിക്കല്‍ സമയം ഒരുവര്‍ഷത്തേക്ക് കൂടി ഉയര്‍ത്തിയത് അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്നും കോടതി പരിഹസിച്ചു.
സസ്‌പെന്‍ഷനെ ചോദ്യം ചെയ്ത്‌കൊണ്ട് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ച നടപടിയേയും സുപ്രീം കോടതി വിമര്‍ശിച്ചു.
നീതിയുക്തമായ വാദം കേള്‍ക്കലിന് സുപ്രീം കോടതിയെ സമീപിക്കലാണ് ശരിയെന്ന് ഹരജിക്കാരന് തോന്നിയതിനാലാണിതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മേല്‍ കോടതികളിലേക്ക് അപ്പീലുകള്‍ നല്‍കാനും തിരുത്താനും കഴിയുന്ന ഉത്തരവില്‍ എങ്ങനെ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കോടതിയോട് ചോദിച്ചു.
എന്നാല്‍ വിധിയിയില്‍ പ്രഥമദൃഷ്ടിയില്‍ തന്നെ സത്യസന്ധതയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ഹരജി പരിഗണിക്കാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Content Highlight : ‘Scoring sixes before retiring’ is an unfortunate trend in the judiciary: Supreme Court Chief Justice