കഴിഞ്ഞ ദിവസം നടന്ന ഇസ്രഈല്‍ – നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ ടോയ്‌ലെറ്റിനോട് ഉപമിച്ച് ക്രിക്‌ഫൈ ടി.വി. ടീമുകളുടെ ലൈവ് സ്‌കോര്‍ ബോര്‍ഡിലാണ് ഇസ്രഈലിനെ ഇവര്‍ ടോയ്‌ലെറ്റാക്കിയത്. നോര്‍വേ vs ടോയ്‌ലെറ്റ് എന്ന രീതിയിലായിരുന്നു ഇവരുടെ സ്‌കോര്‍ കാര്‍ഡ്.
ഇസ്രഈലിന്റെ പതാകയ്ക്ക് പകരം, ടോയ്‌ലെറ്റാണ് ക്രിക്‌ഫൈ ടി.വി രേഖപ്പെടുത്തിത്. ഇസ്രഈല്‍ പതാകയിലെ സ്റ്റാര്‍ ഓഫ് ഡേവിഡിനെയും അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രഈല്‍ പതാകയുടെ കളര്‍ സ്‌കീം തന്നെയാണ് ഇവര്‍ ടോയ്‌ലെറ്റ് സിംബലിനും ഉപയോഗിച്ചിരിക്കുന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗസയിലെ ഇസ്രഈലിന്റെ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണമേറെയും.
എന്നാല്‍ കളിക്കളത്തിലെ ടീമിന്റെ മോശം പ്രകടനവും ഇതിനൊപ്പം ചേര്‍ത്തുവെക്കുന്നുമുണ്ട്. ആദ്യ പകുതിയില്‍ തന്നെ രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയ ടീമിനെ ടോയ്‌ലെറ്റിനോട് ഉപമിച്ചത് തീര്‍ത്തും ഉചിതമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് സെല്‍ഫ് ഗോളുകളടക്കം മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇസ്രഈല്‍ പരാജയപ്പെട്ടത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടാണ് നോര്‍വേയുടെ ശേഷിച്ച മൂന്ന് ഗോളും അടിച്ചെടുത്തത്.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ചാണ് നോര്‍വേ ഗ്രൂപ്പ് ഐ-യില്‍ ഇസ്രഈലിനെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകമായ ഓസ്‌ലോയിലെ യുല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ലോകകപ്പിലേക്ക് ഒരു അടി കൂടി വെക്കാനും നോര്‍വേയ്ക്ക് സാധിച്ചു.
ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 2026 ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെ അപരാജിതരായ നോര്‍വീജിയന്‍ ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരത്തില്‍ നിന്നും 18 പോയിന്റാണ് ടീമിനുള്ളത്. അഞ്ച് മത്സരത്തില്‍ നിന്നും 12 പോയിന്റുമായി ഇറ്റലിയാണ് രണ്ടാമത്.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇനി രണ്ട് മത്സരങ്ങളാണ് നോര്‍വേയ്ക്ക് മുമ്പിലുള്ളത്. നവംബര്‍ 13ന് നടക്കുന്ന മത്സരത്തില്‍ എസ്റ്റോണിയയെയും 17ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലിയെയും നോര്‍വേ നേരിടും. എസ്‌റ്റോണിയയെ സ്വന്തം തട്ടകത്തില്‍ നേരിടുന്ന നോര്‍വേയ്ക്ക് ഇറ്റലിയെ സാന്‍ സിറോയിലെത്തിയാണ് നേരിടാനുള്ളത്.
അതേസമയം, ഇസ്രഈലിനെതിരായ മത്സരത്തിലെ മുഴുവന്‍ ലാഭവിഹിതയും ഗസയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് നോര്‍വേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫിഫയും യുവേഫയും ഇസ്രഈലിനെതിരെ യാതൊരു വിധത്തിലുള്ള നടപടികളും കൈക്കൊള്ളാത്ത സാഹചര്യത്തില്‍ കൂടിയാണ് നോര്‍വേ ഗസയിലെ ജനങ്ങള്‍ക്കായി രംഗത്തെത്തിയത്.
Content Highlight: Scorecard likens Israel football team to toilet in Israel-Norway World Cup qualifier