| Monday, 2nd June 2025, 8:10 am

ശകാരിക്കുന്നതോ വഴക്ക് പറയുന്നതോ ആത്മഹത്യ പ്രേരണയല്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു വ്യക്തിയെ ശകാരിക്കുകയോ വഴക്ക് പറയുകയോ ചെയ്യുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥിയെ ശകാരിച്ചത് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുള്ള കുറ്റാരോപിതനായ അധ്യാപകന്‍ ശകാരിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസിലാണ് നിരീക്ഷണം. പിന്നാലെ കുറ്റാരോപിതനായ വ്യക്തിക്കെതിരെ മറ്റൊരു വിദ്യാര്‍ത്ഥി പരാതി നല്‍കുകയായിരുന്നു.

പ്രതിയുടെ മേല്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്താന്‍ കഴിയില്ലെന്നും ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി സ്വയം ജീവനൊടുക്കുമെന്നത് സാധാരണ ഒരു വ്യക്തിക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുല്ല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം. ഐ.പി.സി 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

ഒരു പരാതി പരിഹരിക്കുന്നതിന് സ്ഥാപനത്തിന്റെ ചുമതലയുള്ള വ്യക്തി എന്ന നിലയിലാണ് അധ്യാപകന്‍ പ്രവര്‍ത്തിച്ചതെന്നും ആത്മഹത്യയ്ക്ക് പ്രേരണയ്ക്ക് തെളിവുകളൊന്നുമില്ലെന്നും കോടതി പറഞ്ഞു.

ആത്മഹത്യ പ്രേരണ കുറ്റം ആരോപിക്കാന്‍ പ്രേരണ, പ്രകോപനം, അല്ലെങ്കില്‍ ആ പ്രവൃത്തിക്ക് മനപൂര്‍വം സഹായം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Content Highlight: Scolding or arguing is not incitement to suicide: Supreme Court

We use cookies to give you the best possible experience. Learn more