[]സാവോപോള: അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ ലോകക്കപ്പ് പോരാട്ടത്തിനിറങ്ങാനിരിക്കെ ബ്രസീല്‍ കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ മറ്റാര്‍ക്ക് സംശയമുണ്ടെങ്കിലും കോച്ച് ലൂയിസ് ഫിലിപ്പ് സ്‌കൊളാരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
നിലവിലെ ഫോമില്‍ നാട്ടില്‍ കപ്പുയര്‍ത്താന്‍ ഇപ്പോഴത്തെ ബ്രസീല്‍ ടീമിനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ച്. “ബ്രസീല്‍ കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്.
ആ ഉറപ്പുള്ളത് കൊണ്ടാണ് ബ്രസീലിന്റെ കോച്ചായി ചുമതലയേറ്റെടുത്തത്. ലോകക്കപ്പ് ജയിക്കാന്‍ ബ്രസീല്‍ ടീമിനാവില്ല എന്ന ചിന്തയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു.
2002ല്‍ സ്‌കോളാരിയുടെ പരിശീലനത്തിലായിരുന്നു ബ്രസീല്‍ ലോകക്കപ്പ് നേടിയത്. പിന്നീട് സ്ഥാനമൊഴിഞ്ഞ സ്‌കോളാരി കഴിഞ്ഞ വര്‍ഷമാണ് വീണ്ടും ചുമതലയേറ്റെടുത്തത്.
തുടക്കത്തില്‍ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും പിന്നീട് ടീമിനെ വിജയവീഥിയിലെത്തിക്കാന്‍ സ്‌കൊളാരിക്കു കഴിഞ്ഞു. കോണ്‍ഫെഡറേഷന്‍ കപ്പുയര്‍ത്താന്‍ ബ്രസീലിനായിരുന്നു. കഴിഞ്ഞ 12 മത്സരങ്ങളില്‍ 11 ലും വിജയിക്കാനും ബ്രസീലിനായി.
ലോകക്കപ്പിന് മുന്നോടിയായുള്ള ഒടുവിലത്തെ സൗഹൃദമത്സരത്തില്‍ ഹോണ്ടുറാസിനെ 5-0ക്ക് ബ്രസീല്‍ തകര്‍ത്തിരുന്നു. ചൊവ്വാഴ്ച ചിലിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദമത്സരം.
ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകക്കപ്പിന് മുന്നോടിയായി പിന്നെ ഒരു മത്സരം കൂടി മാത്രമാണ് ബ്രസീലിന് ശേഷിക്കുന്നത്.