| Friday, 20th February 2026, 4:30 pm

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണത്തിനും കമ്മീഷന്‍ ഉത്തരവിട്ടു.

ഉത്തരവ് അനുസരിച്ച്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീതയുടേതാണ് നിര്‍ദേശം.

അഞ്ച് വര്‍ഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്നാണ് വീട്ടമ്മയുടെ പരാതി. നിലവില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ പുന്നപ്ര സ്വദേശിയായ ഉഷ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മെയ് 10നാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. പിന്നാലെ ഇവര്‍ക്ക് തുടര്‍ച്ചയായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദനയ്ക്കുള്ള പല മരുന്നുകളും കഴിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ യൂറോളജി ഡോക്ടറാണ് ഉഷയുടെ വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്. നിലവില്‍ ഉഷ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. നാളെ (ശനി) ശസ്ത്രക്രിയ നടക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ നടക്കുക.

ചികിത്സാപിഴവില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട വിരമിച്ചവര്‍ ആരൊക്കെയാണെന്നും ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവര്‍ ആരെല്ലാമെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കുറ്റാരോപിതയായ ഡോ. ലളിതാംബികയുടെ നിലപാട് മന്ത്രി തള്ളുകയും ചെയ്തു. കത്രിക 50 കൊല്ലം വയറിനുള്ളില്‍ ഇരുന്നാലും സേഫ് ആണെന്നും എന്നാല്‍ അത് ശരിയല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.

ഡോക്ടറുടെ നിലപാട് തള്ളിയ മന്ത്രി, പ്രശ്‌നങ്ങളെ നിസാരവത്കരിക്കാന്‍ കഴിയില്ലെന്നും ഇത് തൊഴിലിനോടുള്ള അനാദരവും ഉത്തരവാദിത്തമില്ലാത്ത സമീപനമാണെന്നും വിമര്‍ശിച്ചു.

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

Content Highlight: Scissors found in housewife’s stomach; Human Rights Commission filed a case

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more