| Thursday, 11th October 2018, 9:55 am

സ്‌കൂളുകള്‍ അടിമകച്ചവടത്തെക്കുറിച്ചും കോളനിവത്കരണത്തെ കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കണം : ജെറെമൈ കോര്‍ബിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍ : സ്‌കൂളുകള്‍ കോളനിവത്കരണത്തെകുറിച്ചും, അടിമകച്ചവടത്തെകുറിച്ചും, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശ പാരമ്പര്യത്തെക്കുറിച്ചും, ബ്രിട്ടന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയ കറുത്തവര്‍ഗ്ഗക്കാരായ ബ്രിട്ടീഷുകാരെക്കുറിച്ചും, കുട്ടികളെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് മെമ്പറുമായ ജെറെമൈ കോര്‍ബിന്‍.

അടിമ കച്ചവടം കൊണ്ട് മാത്രം സമ്പന്നമായ ബ്രിട്ടീഷ് നഗരമാണ് ബ്രിസ്റ്റോള്‍. താന്‍ അവിടം സന്ദര്‍ശിക്കുമെന്നും അവിടെ “ഒരു വിമോചന വിദ്യാഭ്യാസ ട്രസ്റ്റ്” രൂപീകരിച്ച് വരും തലമുറയെ അടിമകച്ചവടം വരുത്തിവെച്ച വിനകളെ കുറിച്ച് പഠിപ്പിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ പദ്ധതിപ്രകാരം,ശക്തവും സമ്പന്നവുമായ ആഫ്രിക്കക്കാരുടെയും കറുത്തവര്‍ഗ്ഗക്കാരുടെയും ജീവചരിത്രങ്ങളെക്കുറിച്ച് ചരിത്രസ്മാരകങ്ങളും മറ്റും സന്ദര്‍ശിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും.

കറുത്തവര്‍ഗക്കാരുടെ ജീവിതങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നതെന്നതാണെന്നും ജനങ്ങള്‍ അവയെ കുറിച്ചു അറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോര്‍ബിന്‍ പറഞ്ഞു. കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങള്‍ ചരിത്രത്തിലെ സുവര്‍ണ്ണാധ്യായങ്ങളാണെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ പൗരാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പോള്‍ സ്റ്റീവന്‍സനെ താന്‍ സന്ദര്‍ശിക്കും. ബ്രിട്ടോളിലെ ബസ് ബന്ദ് സമരത്തില്‍ മുന്നിരയിലുണ്ടായിരുന്ന വ്യക്തിയാണ് സ്റ്റീവന്‍സണ്‍. കറുത്തവര്‍ഗ്ഗക്കാര്‍ ബസില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന ബ്രിസ്റ്റോളില്‍ സ്റ്റീവന്‍സണ്‍ നയിച്ച സമരങ്ങളാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അമേരിക്കന്‍ പൗരാവകാശ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച റോസാ പാര്‍ക്കസിനോളം ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണ് പോള്‍ സ്റ്റീവന്‍സണ്‍. കോര്‍ബിന്‍ പറഞ്ഞു.

ബ്രിട്ടനില്‍ വിന്‍ഡ്‌റഷ് വിവാദം കത്തിപ്പടരുന്ന സമയത്താണ് കോര്‍ബിന്റെ പ്രസ്താവന വരുന്നത്. കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍, ബ്രിട്ടനില്‍ വംശീയ ആക്രമണങ്ങളും നാടുകടത്തല്‍ ഭീഷണിയും നേരിടുകയാണ്. വര്‍ഷങ്ങളായി ബ്രിട്ടനില്‍ താമസിച്ചുവരുന്ന കരീബിയന്‍ വംശജര്‍ പോലും ഇത്തരം ഭീഷണികള്‍ അതിജീവിച്ചാണ് ഇവിടെ കഴിയുന്നത്

We use cookies to give you the best possible experience. Learn more